കാട്ടാന ശല്യം നേരിട്ട കർഷകർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ അപേക്ഷകൾ അഞ്ച് വർഷമായി ഇപ്പോഴും വനം വകുപ്പിന്റെ പരിഗണനയിൽ…

പട്ടിക്കാട്. മലയോര മേഖലകളിൽ കാട്ടാന ശല്യം നേരിട്ട കർഷകർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ അപേക്ഷകൾ അഞ്ച് വർഷമായി ഇപ്പോഴും വനം വകുപ്പിന്റെ പരിഗണനയിലാണ്. പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കാട്ടാനശല്യവുമായി ബന്ധപ്പെട്ട 145 ഓളം നഷ്ടപരിഹാര അപേക്ഷകൾ നൽകിയിട്ടുണ്ട്.

പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിന് കീഴിൽ 1.5 കിലോമീറ്റർ കൂടി വൈദ്യുതി വേലി സ്ഥാപിക്കാനുണ്ട്. ഇതിനായി ഫണ്ട് അനുവദിച്ച് ടെണ്ടർ ക്ഷണിച്ചതായും അഡ്വ. ഷാജി കോടങ്കണ്ടത്തിന് ലഭിച്ച വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.

ഒല്ലൂർ മണ്ഡലത്തിൽ വനമേഖലയിൽ സോളാർ വേലികൾ സ്ഥാപിക്കുന്നതും നിലവിലുള്ള വേലികൾ അറ്റകുറ്റപ്പണികൾ നടത്തുവാനും വൈദ്യുതി വിതരണം ഉറപ്പാക്കുവാനും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ എം.എം പൈലി, അഡ്വക്കേറ്റ് ഷാജി ജെ കോടങ്കണ്ടത്ത്, കെ.പി എൽദോസ് എന്നിവർ കൊടുത്ത ഹർജിയിൽ കോടതി വനംവകുപ്പിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.