ചാവക്കാട്: ചേറ്റുവയിൽ 30കോടിയുടെ തിമിംഗല ഛർദി പിടികൂടി. മൂന്നുപേരെ വനം വിജിലൻസ് പിടികൂടി. പിടിച്ചെടുത്ത ആംബർ ഗ്രിസിന് 18 കിലോ ഭാരമുണ്ട്. തിമിംഗലത്തിന്‍റെ സ്രവമാണിത്. തിമിംഗലം ഛർദിക്കുമ്പോൾ ആദ്യം ദ്രവമായിട്ടാണ് ഇവ കാണുക. പിന്നീട് ഖരരൂപത്തിലാകും. രൂക്ഷമായ ഗന്ധവും ഇതിനുണ്ടാകും. കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നിങ്ങനെയാണ് (സ്പേം) തിമിഗംലങ്ങളുടെ ഛർദി അറിയപ്പെടുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടുന്ന ഒന്നാണ് ആംബർഗ്രിസ്. പെർഫ്യൂം നിർമിക്കുന്നതിന് വ്യാപകമായി ഇവ ഉപയോഗിച്ചിരുന്നു. പിന്നീട് ഇവയുടെ ഉപയോഗം നിരോധിക്കുകയായിരുന്നു.