തിരുവനന്തപുരം: പ്രവാസികളക്കായു ള്ള യാത്രാ വിലക്ക് നീക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപന് എം.പി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്കി. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് വിവിധ ജി.സി.സി രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രവാസി ഇന്ത്യക്കാര്‍ ഏറെ പ്രധാനപ്പെട്ട ജനസമൂഹമാണ്. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികളാണ് യാത്രാവിലക്കുകള്‍ മൂലം കഷ്ടതകള്‍ അനുഭവിക്കുന്നത്. ഏറെപേരുടെയും ഉപജീവനം അവതാളത്തിലായിരിക്കുകയാണ്.
ഇത് ആയിരക്കണക്കിന് കുടുബങ്ങളെയും രാജ്യത്തിന്റെ സമ്പദ്ഘടനയെയും പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം കത്തില്‍ പറയുന്നു. ഇന്ത്യയില്‍ നിന്ന് മടങ്ങിച്ചെന്ന് ജോലിയില്‍ പ്രവേശിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ പലരുടേയും വിസ കാലാവധി തീരാനിരിക്കുന്നു. ഇത് വലിയ നഷ്ടമാണ് നമുക്കുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ ഈ സാഹചര്യം പരിഹരിക്കാന്‍ നയതന്ത്ര ഇടപെടലുകള്‍ അനിവാര്യമാണ്. വാക്സിനേഷന് നടത്തിയവരുടെ യാത്ര എത്രയും പെട്ടെന്ന് സൗകര്യപ്പെടുത്തേണ്ടത് പ്രധാനമാണെന്നും നയതന്ത്ര തലങ്ങളില്‍ ഇതിനുവേണ്ട ശ്രമങ്ങളുണ്ടാകണമെന്നും ടി.എന്‍ പ്രതാപന് കത്തില്‍ എം.പി ചൂണ്ടിക്കാട്ടി.