മണ്ണുത്തി: നിരവധി വാഹനങ്ങൾ തിരിമറി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. മണ്ണുത്തി-ചിറയ്ക്കാക്കോട് കാട്ടുവിള വീട്ടിൽ ജെയ്സ് (41)നെയാണ് മണ്ണുത്തി പോലീസും സിറ്റി ഷാഡോ പോലീസും ചേർന്ന് കൂർക്കഞ്ചേരി വലിയാലുക്കലിൽ നിന്ന് പിടികൂടിയത്. ആളുകളിൽ നിന്നും വാഹനം വാങ്ങി ബാങ്കിലെ വായ്പ തുക അടയ്ക്കാമെന്നും അല്ലെങ്കിൽ മറിച്ച് വിറ്റ് തുക നൽകാമെന്നും പറഞ്ഞ് കരാർ നടത്തിയാണ് വാഹനം സ്വന്തമാക്കുന്നത്. തുടർന്ന് വാഹനം മറിച്ച് വിൽക്കും. തുക കൊടുക്കാതെ ഉടമകളെ വഞ്ചിക്കുകയാണ് പ്രതി ചെയ്തു കൊണ്ടിരുന്നത്. മണ്ണുത്തി, തൃശ്ശൂർ ഈസ്റ്റ്, ഒല്ലൂർ, കോട്ടയം, തൃകുടിത്താനം, എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ വാഹനത്തിരിമറി കേസുകളുണ്ട്. പരാതിക്കാർ കൂടിയതിനെ തുടർന്ന് പോലീസ് ടീം രൂപവത്കരിച്ച് അന്വേഷണം തുടങ്ങി. പലസ്ഥലങ്ങളിലും ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ചൊവ്വാഴ്ചയാണ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.