
സംസ്ഥാനത്ത് 18നും 45 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. മെയ് 1 മുതൽ വാക്സിൻ നൽകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് വിതരണം വൈകിയത്. മെയ് 17 മുതലാണ് വാക്സിൻ വിതരണം തുടങ്ങുക.18നും 45നും ഇടയിൽ പ്രായമുള്ളവർ, മുന്നണിപോരാളികൾ, മാധ്യമപ്രവർത്തകർ എന്നിവർക്കാണ് ആദ്യഘട്ട വാക്സിൻ ലഭിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:- cowin.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് വാക്സിൻ എടുക്കാം. മുൻഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന വെബ്സൈറ്റിൽ അടിസ്ഥാന വിവരങ്ങളും അനുബന്ധരോഗങ്ങളും വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യണം.
നൽകിയ വിവരങ്ങൾ ജില്ലാ തലത്തിൽ പരിശോധിച്ച ശേഷം മുൻഗണനയും വാക്സിന്റെ ലഭ്യതയും അനുസരിച്ച് വാക്സിനേഷൻ കേന്ദ്രം, തിയതി, സമയം എന്നിവ എസ്എംഎസ് വഴി അറിയിക്കും.വാക്സിനേഷൻ കേന്ദ്രത്തിൽ അപ്പോയ്മെന്റ് എസ്എംഎസ്, തിരിച്ചറിയൽ രേഖ, അനുബന്ധ സർട്ടിഫിക്കറ്റ് ഇവ കാണിക്കുക. വാക്സിൻ സ്വീകരിക്കുക. രോഗ സംബന്ധമായ സർട്ടിഫിക്കറ്റിന്റെ മാതൃക, അനുബന്ധ രോഗങ്ങളുടെ പട്ടിക എന്നിവ www.dhs.kerala.gov.in, www.arogyakeralam.gov.in എന്ന വെബ്സൈറ്റുകളിൽ ലഭ്യമാണ്.