വനമേഖലയോട് ചേർന്ന് കിടക്കുന്ന മുള്ളൂർക്കര വടക്കുമുറി പ്രദേശത്ത് പന്നിഫാമിലേക്കുള്ള തീറ്റയുടെ മറവിൽ തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ള കോഴിയിറച്ചി മാലിന്യം ഉപേക്ഷിക്കുന്നു…

Thrissur_vartha_district_news_malayalam_chicken_fever

വടക്കാഞ്ചേരി: വനമേഖലയോട് ചേർന്ന് കിടക്കുന്ന മുള്ളൂർക്കര വടക്കുമുറി നിവാസികൾ വലിയ ആരോഗ്യ ഭീഷണിയാണ് നേരിടുന്നത്. മൊടവാറ കുന്നത്തെ അനധികൃത പന്നിഫാമിലേക്കുള്ള തീറ്റ എന്നനിലയിൽ വൻതോതിലെത്തിക്കുന്ന കോഴിയിറച്ചി അവശിഷ്ടങ്ങളുടെ ദുർഗന്ധംമൂലം വീടുകളിൽ കഴിയാനാവാത്ത സ്ഥിതിയിലാണ് പരിസരവാസികൾ. പന്നിഫാമിലേക്കുള്ള തീറ്റയുടെ മറവിൽ തൃശ്ശൂർ, പാലക്കാട് ജില്ലകളിൽനിന്നുള്ള കോഴിയിറച്ചി മാലിന്യസംഭരണമാണ് നടക്കുന്നത്. ഒരു കിലോയ്ക്ക്‌ ഏഴ് രൂപ വാങ്ങിയാണ് കോഴി വ്യാപാരികളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നത്.

thrissur news

ഇതേത്തുടർന്ന് സ്ഥലം ഉടമ പുത്തൻപുരയ്ക്കൽ വിശാലാക്ഷിക്ക്‌ ഫാം അടച്ചുപൂട്ടാൻ ആവശ്യപ്പെട്ട് മുള്ളൂർക്കര പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടി നൽകുകയോ അടച്ചു പൂട്ടുകയോ ഉണ്ടായില്ല. ഫാമിലെ പന്നികളെ പിടിച്ചെടുത്ത് വെറ്ററിനറി സർവകലാശാലയ്ക്ക് കൈമാറിയോ ലേലം ചെയ്തോ ഫാം പൂട്ടുമെന്നും അതിനുവരുന്ന ചെലവ് റവന്യൂ റിക്കവറി വഴി ഈടാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

കോവിഡ് വ്യാപനത്താലും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സജീവമായതിനാലും പഴയരീതിയിൽ മാലിന്യം തള്ളാൻ വ്യാപാരികൾക്ക് കഴിയുന്നില്ല. മിക്കയിടത്തും സി.സി.ടി.വി. ക്യാമറകളുമായി. ഇതോടെയാണ് ശേഖരിക്കുന്ന മാലിന്യം വനമേഖലയോട് ചേർന്നുള്ള പന്നിഫാമിന്റെ സമീപത്ത്‌ കുഴിച്ചിടുകയാണ്. കാട്ടുപന്നികളും മറ്റ് ജീവികളും ഇത് കുത്തിമറിച്ചിടും. ഇതോടെ പരിസരമാകെ ദുർഗന്ധം പരക്കുന്നു.

പരിസരവാസികളുടെ ആരോഗ്യവും ജലസ്രോതസ്സുകളുടെ സ്വച്ഛതയും നശിക്കുന്ന സാഹചര്യത്തിൽ, വാർഡ് അംഗം ലിയ അജിൽജോസ് പഞ്ചായത്തിൽ പരാതി നൽകി. ഹെൽത്ത് ഇൻസ്പെക്ടറും പഞ്ചായത്ത് ജീവനക്കാരും നടത്തിയ പരിശോധനയിൽ ഫാം സമീപവാസികൾക്ക് ഭീഷണിയാണെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകി.