
തൃശൂര്‍ ബി.ജെപി യില്‍ പരസ്യമായ ഭിന്നത. നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ക്ക് മാത്രം ശേഷിക്കെ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് പരിപാടി ജില്ലാ നേതൃത്വവും പ്രവര്‍ത്തകരും ബഹിഷ്‌കരിച്ചു. സന്ദീപ് വാര്യര്‍ക്കുമെതിരെ സംസ്ഥാന നേതൃത്വത്തിന് ജില്ലാ നേതൃത്വം പരാതിയും നല്‍കി. ജനം ടിവിയുടെ ഇലക്ഷന്‍ സംവാദ പ്രോഗ്രാമായ ജനസഭ തൃശൂരിലെത്തിയപ്പോഴാണ് ബി.ജെ.പി.യി.ലെ ചേരിപ്പോര് പരസ്യമാക്കിയത്.
തേക്കിന്‍കാട് മൈതാനിയില്‍ തെക്കേഗോപുര നടയിലായിരുന്നു പരസ്യ സംവാദം. ഇടതുമുന്നണിക്ക് വേണ്ടി എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം ശരത്പ്രസാദും യുഡിഎഫ് പ്രതിനിധിയായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശോഭാ സുബിനും പങ്കെടുത്ത പരിപാടിയില്‍ ബിജെപിക്ക് വേണ്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണ് പങ്കെടുത്തത്. തൃശൂരിലെ പരിപാടിയില്‍, തൃശൂര്‍ മണ്ഡലവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തൃശൂരിലുള്ള ആളുകളെ പങ്കെടുപ്പിക്കാതെ നടത്തിയതിലാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ അമര്‍ഷം.
പരിപാടിയുടെ വിവരം ജില്ലാ കമ്മിറ്റി ഓഫീസില്‍ അറിയിച്ചതോടെയാണ് വിവാദമായത്. ആളുകളെ എത്തിക്കണമെന്ന് ജില്ലാ നേതൃത്വത്തിനെയും മണ്ഡലം ഭാരവാഹികളെയും അറിയിച്ചിരുന്നു. പരിപാടിക്ക് മണിക്കൂറുകള്‍ക്ക് മുമ്പാണ് ബിജെപിയെ പ്രതിനിധീകരിക്കുന്നത് സന്ദീപ് വാര്യരാണെന്ന് അറിയിച്ചത്. ഇതോടെ ജില്ലാ നേതൃത്വം മണ്ഡലം നേതൃത്വത്തെയും വിലക്കി. ജില്ലാ-മണ്ഡലം ഭാരവാഹികളാരും തന്നെ സംവാദ സ്ഥലത്തേക്ക് എത്തിയില്ല. ചാനല്‍ അധികൃതരേയും സംസ്ഥാന നേതൃത്വത്തേയും ജില്ലാ നേതൃത്വം ഇക്കാര്യം പരാതിയായും അറിയിച്ചു.
സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ സീറ്റ് പ്രതീക്ഷയുമായി തൃശൂരില്‍ വീട് വാടകയ്‌ക്കെടുത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് മാസങ്ങളായിരുന്നു. എ പ്ലസ് മണ്ഡലമായിട്ടാണ് ബിജെപി തൃശൂരിനെ കരുതുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയതോടെ വിജയ സാധ്യതയുള്ള മണ്ഡലമായിട്ടാണ് തൃശൂരിനെ കണക്കാക്കുന്നത്.
പാലക്കാട് സ്വദേശിയായ സന്ദീപ് വാര്യര്‍ തൃശൂരില്‍ ക്യാമ്പ് ചെയ്യുന്നതിനെതിരെ ജില്ലാ നേതൃത്വം നേരത്തേയും പരാതിപ്പെട്ടിരുന്നു. മറ്റൊരു സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി എ നാഗേഷ്, മേഖലാ സെക്രട്ടറി രവികുമാര്‍ ഉപ്പത്ത് തുടങ്ങി പ്രമുഖ നേതാക്കള്‍ തൃശൂര്‍ ജില്ലയിലുണ്ട്. ഇവരെയോ, ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാറി നേയോ മറ്റ് ജില്ലാ ഭാരവാഹികളെയോ ജില്ലയില്‍ നിന്നുള്ളവരെയോ പങ്കെടുപ്പിക്കാതെ തൃശൂരില്‍ നടത്തിയ പരിപാടി ജില്ലയിലെ നേതൃത്വത്തെ അപമാനിക്കുന്ന താണെന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.