വരുന്നു ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തിൽ ..

Thrissur_vartha_district_news_nic_malayalam_zoo

ലോകത്തിലെ ഏറ്റവും വലുത് എന്ന വിശേഷണത്തോടെ വമ്പന്‍ മൃഗശാല ആരംഭിക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍). മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയാണു മൃഗശാലയുടെ അമരക്കാരന്‍.

ഗുജറാത്തിലെ ജാംനഗറിലാണു മൃഗശാല തുടങ്ങുന്നത്. ഇന്ത്യയിലെയും ലോകത്തിലെയും നൂറോളം ഇനങ്ങളില്‍പെട്ട മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഇവിടെയുണ്ടാകുമെന്നാണ് അവകാശവാദം.

ജാംനഗര്‍ മോട്ടി ഖാവിയിലെ റിഫൈനറി പ്രൊജക്ടിന് അരികിലായി 280 ഏക്കറിലാണു മൃഗശാല ഒരുക്കുകയെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിലെ വലിയ എണ്ണശുദ്ധീകരണ ശാലയാണു മോട്ടി ഖാവിയിലേത്. കോവിഡ് കാരണമാണു പദ്ധതി നീണ്ടതെന്നും രണ്ടു വര്‍ഷത്തിനകം പൊതുജനങ്ങള്‍ക്കു തുറന്നു കൊടുക്കുമെന്നും കമ്പനിയിലെ മുതിര്‍ന്ന എക്‌സിക്യുട്ടീവ് പറഞ്ഞു.

‘ഗ്രീന്‍സ് സുവോളജിക്കല്‍, റസ്‌ക്യു ആന്‍ഡ് റിഹാബിലിറ്റേഷന്‍ കിങ്ഡം’ എന്നാകും പദ്ധതിയുടെ പേര്. ആവശ്യമായ എല്ലാ രേഖകളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍നിന്നു ലഭിച്ചതായി ആര്‍ഐഎല്‍ ഡയറക്ടര്‍ (കോര്‍പറേറ്റ് അഫയേഴ്‌സ്) പരിമള്‍ നത്‌വാനി പറഞ്ഞു. ഫോറസ്റ്റ് ഇന്ത്യ, ഫ്രോഗ് ഹൗസ്, ഇന്‍സെക്ട് ലൈഫ്, ഡ്രാഗണ്‍സ് ലാന്‍ഡ്, എക്‌സോട്ടിക് ഐലന്‍ഡ്, അക്വാട്ടിക് കിങ്ഡം തുടങ്ങിയ വിഭാഗങ്ങള്‍ മൃഗശാലയിലുണ്ടാകും.

സ്വകാര്യ മേഖലയില്‍ മൃഗശാല എന്നത് ഇന്ത്യയില്‍ പുതിയതല്ലെന്നും കൊല്‍ക്കത്തയിലെ സുവോളജിക്കല്‍ ഗാര്‍ഡന്‍ നേരത്തെയുണ്ടെന്നും വനം പരിസ്ഥിതി മന്ത്രാലയം അഡിഷനല്‍ ഡയറക്ടര്‍ ജനറല്‍ സൗമിത്ര ദാസ്ഗുപ്ത പറഞ്ഞു.