ദേശീയപാതയിലെ ഗതാഗതക്കുരുക്ക്; ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു..

ദേശീയപാത 544 മണ്ണുത്തി – ഇടപ്പള്ളി മേഖലയിലെ അടിപ്പാത/ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാലുണ്ടാകുന്ന ഗതാഗതകുരുക്ക് സംബന്ധിച്ച് പൊലീസ്, ആര്‍.ടി.ഒ, ദേശീയപാത അധികൃതര്‍ എന്നിവരില്‍ നിന്നും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനും നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനുമായി എല്ലാ ജനപ്രതിനിധികളെയും വിളിച്ചുചേര്‍ത്തുകൊണ്ട് അടുത്ത ആഴ്ച യോഗം ചേരുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ദേശീയപാതയിലെ ഗതാഗതകുരുക്ക് ചര്‍ച്ചചെയ്യുന്നതിനായി ഏപ്രില്‍ 22 ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ചാലക്കുടി ഡി വൈ എസ് പി, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, നാഷണല്‍ ഹൈവേ അതോറിട്ടി അധികൃതര്‍ എന്നിവര്‍ ടീം രൂപീകരിച്ച് സംയുക്തമായി ആഴ്ചയിലൊരിക്കല്‍ യോഗം ചേര്‍ന്ന് ഗതാഗത തടസ്സം ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അവലോകനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

അടിപ്പാത/ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം കഴിയുന്നതുവരെയോ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതുവരെയോ പാലിയേക്കരയില്‍ ടോള്‍ നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കായി സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.