മനക്കൊടി- പുള്ള് റോഡ് ഉയർത്തി നിർമ്മിക്കണം : റോഡ് ഉപരോധിച്ച് കർഷകർ..

അന്തിക്കാട് : ഇറിഗേഷൻ മെയിൻ ചാലിലെ വെള്ളം കനത്ത മഴയിൽ പുള്ള് റോഡിലൂടെ കവിഞ്ഞൊഴുകി വാരിയംപടവിലെ നെൽക്കൃഷി നശിക്കാനിടയാക്കിയ സാഹചര്യത്തിൽ പ്രശ്‌ന പരിഹാരമാവശ്യപ്പെട്ട് കർഷകർ റോഡ് ഉപരോധിച്ചു. ഈ മഴയിൽ വെള്ളം കയറി വാരിയം കോൾപ്പടവിലെ നെൽക്കൃഷി പൂർണമായും നശിച്ച് 50 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. ഇറിഗേഷൻ മെയിൻ ചാലിനേക്കാൾ ഒരു മീറ്ററോളം താഴ്ന്നാണ് പുള്ള് റോഡ് സ്ഥിതി ചെയ്യുന്നത്.

അതുകൊണ്ട് മെയിൻ ചാലിൽ നിറയുന്ന വെള്ളം റോഡിലൂടെ പാടശേഖരത്തിൽ നിറഞ്ഞ് നെൽക്കൃഷി നശിക്കുന്നത് പതിവാണ്. ഈ റോഡ് അര മീറ്റർ ഉയർത്തി പുനർനിർമ്മിക്കണമെന്ന കർഷകരുടെ നിരന്തരമായ ആവശ്യത്തോട് അധികൃതർ മുഖം തിരിക്കുകയാണ്. നിരന്തരമായി ഉന്നയിച്ചിട്ടും പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കർഷകർ റോഡ് ഉപരോധിച്ചത്. പ്രശ്‌ന പരിഹാരത്തിന് സാദ്ധ്യത തെളിയുന്നില്ലെങ്കിൽ ചുമതലയുള്ള ഇറിഗേഷൻ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ ഓഫീസുകൾ ഉപരോധിക്കുമെന്ന് കർഷകർ പറഞ്ഞു.

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ സ്ഥലത്തെത്തി കർഷകരുമായി ചർച്ച നടത്തുകയും ആവശ്യമായ ഇടപെടൽ ഉറപ്പ് നൽകുകയും ചെയ്തു.
കർഷക സംഘം മണലൂർ ഏരിയ എക്‌സിക്യൂട്ടീവ് അംഗം ഓമന അശോകൻ റോഡ് ഉപരോധം ഉദ്ഘാടനം ചെയ്തു. പടവ് സെക്രട്ടറി കെ.കെ. അശോകൻ അദ്ധ്യക്ഷനായി. വാർഡ് അംഗം കെ. രാഗേഷ്, ടി.വി. വിദ്യാധരൻ തുടങ്ങിയവർ സംസാരിച്ചു. എസ്.ഐ: ടി. അഭിലാഷിന്റെ നേതൃത്വത്തിൽ അന്തിക്കാട് പൊലീസെത്തി സമരക്കാരെ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.