പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ആറുവരിപാതയിലാണ് വിവിധ സ്ഥലങ്ങളിലായി കുഴികൾ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം താണിപ്പാടം സെന്ററിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റിരുന്നു.
കരാർ കമ്പനി ജീവനക്കാർ സ്ഥലത്തെത്തി കുഴികൾ അടയ്ക്കുന്നുണ്ടെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ തികച്ചും അശാസ്ത്രീയമാണെന്ന് നാട്ടുകാർ. പഞ്ചായത്ത് റോഡിലെ കുഴികൾ അടയ്ക്കുന്ന ലാഘവത്തോടെയാണ് ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നു പോകുന്ന ദേശീയപാതയിലെ കുഴികൾ അടയ്ക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
പട്ടിക്കാട് സെന്ററിനും വഴുക്കുംപാറയ്ക്കും ഇടയിൽ നിരവധി സ്ഥലങ്ങളിൽ ഇപ്രകാരം കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ദേശീയപാതയിലെ വെളിച്ചക്കുറവ് മൂലം രാത്രി സമയങ്ങളിൽ ഇരുചക്ര വാഹന യാത്രക്കാർ കുഴിയിൽ വീഴുന്നതിന് സാധ്യത ഏറെയാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന നിലയിൽ ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെയാണ് ടോൾ പിരിവ് നടത്തുന്നതെന്നും നാട്ടുകാർ ആരോപിച്ചു.