യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ്സ് ഹൈനസ് ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി യുഎഇയിലെ ടീം ടോളറൻസ് സൗഹൃദ കൂട്ടായ്മ
കേരള സാഹിത്യ അക്കാദമിയുടെ പുസ്തകശേഖരത്തിലേക്ക് ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ “മൈ സ്റ്റോറി: 50 ഇയേഴ്സ് അച്ചീവ്മെൻറ്സ്” എന്ന പുസ്തകം ബഹു:കേരള റവന്യു വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ശ്രീ. വൈശാഖന് സാഹിത്യ അക്കാദമി ഹാളിൽ വെച്ച് കൈമാറി.
ചാലക്കുടി എംഎൽഎ റ്റി.ജെ സനീഷ് കുമാർ ജോസഫ് ആശംസകൾ അർപ്പിച്ചു. യുഎഇയിലെ ടീം ടോളറൻസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സി. സാദിഖ് അലി അധ്യക്ഷത വഹിച്ചു. ഹസൻ വടക്കേക്കാട് സ്വഗതമാശംസിച്ചു.
നവാസ് തെക്കുംപുറം, കെ. രാമകൃഷ്ണൻ, വി. മുഹമ്മദ് ഗൈസ്, നജീബ് പട്ടിക്കര, രഞ്ജിത്, കെ.വി. യൂസഫലി, കെ.കെ. ഷാജഹാൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.കേരളത്തിന്റെ വലിയ മാറ്റങ്ങൾക്ക് പ്രവാസി സമൂഹം നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്
നവോത്ഥാന പ്രവർത്തനങ്ങൾ കേരളത്തിൽ തുടക്കം കുറിക്കുന്ന കാലഘട്ടത്തിനോളം തന്നെ പ്രാവാസി സമൂഹത്തിന്റെ അതിജീവന പാരമ്പര്യം അവകാശപെടാനുണ്ട് എന്ന് ചടങ്ങിൽ പങ്കെടുത്തു കൊണ്ട് മന്ത്രി അഭിപ്രായപെട്ടു.യുഎഇ എന്ന രാജ്യത്തിന്റെയും, പ്രത്യേകിച്ച് ദുബായ് എന്ന നഗരത്തിന്റെയും സമഗ്രവികസന ചരിത്രം തന്റെ ജിവിതത്തിലൂടെ നോക്കിക്കാണുകയാണ് ഷെയ്ക്ക് റാഷിദ് അൽ മക്തൂം.
1968ൽ പ്രതിരോധ മന്ത്രിയായി ആരംഭിച്ച 50 വർഷത്തെ പൊതു സേവനത്തിന്റെ നേർക്കാഴ്ചകൾ ഈ പുസ്തകത്താളുകളിൽ വിരിയുന്നു. ചെറുതും തിരക്കേറിയതുമായ ഒരു വ്യാപാര തുറമുഖത്തിൽ നിന്ന് ആഗോളവ്യാപാരത്തിന്റെ ഹൃദയമായ ഒരു അന്താരാഷ്ട്ര മഹാനഗരമായി ദുബായ് ഇന്ന് വളർന്നിരിക്കുകയാണ്. ഈ വളർച്ചയുടെ ചാലകശക്തിയായിരുന്ന ഷെയ്ക്ക് റാഷിദ് അൽ മക്തൂം താൻ ദീർഘവീക്ഷണമുള്ള ഒരു ഭരണാധികാരിയാണ് തെളിയിക്കുക കൂടെയാണിവിടെ.
ദുബായ്ക്ക് ലോകം സ്വപ്നനഗരിയെന്ന വിശേഷണം നൽകിയതിന് പിന്നിൽ അശ്രാന്ത പരിശ്രമിയായ ഒരു മികവുറ്റ രാഷ്ട്ര തന്ത്രജ്ഞനെ നമുക്ക് കാണാൻ കഴിയും. വികസനത്തിനൊപ്പം കരുതലും തന്റെ ലക്ഷ്യമാക്കിയ ഷെയ്ക്ക് റാഷിദ് അൽ മക്തൂം ‘ദുബായ് കെയേസ്’ പദ്ധതിയിലൂടെ വികസ്വര രാജ്യങ്ങളിലെ കുട്ടികൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനും ‘നൂർ ദുബായ്’ എന്ന പദ്ധതിയിലൂടെ അന്ധതയും വൈകല്യവും അനുഭവിക്കുന്നവർക്ക് ചികിത്സയും ആരോഗ്യ സേവനങ്ങളും നൽകുന്നതിനും ‘ദുബായ് ഇന്റർനാഷ്ണൽ ഹ്യൂമാനിറ്റേറിയൻ’ എന്ന ആശയത്തിലൂടെ ലോകത്തിന് തന്നെ സഹായത്തിന്റെ കരുതൽ കേന്ദ്രമാക്കി തന്റെ രാജ്യത്തെ മാറ്റിയിരിക്കുകയാണ്.
ഇരുനൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള ജനസമൂഹത്തെ ഉൾകൊള്ളാൻ ആവും വിധം യുഎഇ ഇന്ന് വളരുന്നതിന് പിന്നിലും ഈ ഭരണാധികാരിയുടെ മാനുഷികസ്പർശം തന്നെയാണ് മുഖ്യ കാരണം. ഇന്ത്യൻ സമൂഹവുമായി–പ്രത്യാഗിച്ച് പ്രവാസി മലയാളികളുമായി–ഏറെ ഇഴചേർന്ന് നിൽക്കുന്ന ഒരു രാജ്യമായി യുഎഇ മാറിയതിന് പിന്നിൽ ഇന്ത്യയുമായി നൂറ്റാണ്ടുകളായി തുടർന്ന് വരുന്ന വ്യാപാര-സാംസ്കാരിക ബന്ധം അഭംഗുരം തുടരുന്നതിന് സ്വീകരിച്ച തീരുമാനവും നയങ്ങളും അടിസ്ഥാന കാരണങ്ങളാണ്.
കേരളത്തിൽ ഇന്ന് കാണുന്ന വാണിജ്യ-സാമ്പത്തിക പുരോഗതിയുടെയും ജീവിത നിലവാര ഉയർച്ചയുടെയും പ്രധാനപങ്ക് വഹിക്കുന്ന ഒരു രാജ്യമായി യുഎഇ മാറിയതിന് ഒരു മുഖ്യ കാരണം യുഎഇ എന്ന രാജ്യവും ഷെയ്ക്ക് റാഷിദ് ബിൻ മക്തൂം മലയാളികൾക്ക് നൽകിയ പ്രത്യേക പരിഗണനയുമാണ്.
മരുഭൂമിയിൽ അസാധ്യമെന്ന് വിധിയെഴുതിയ നിരവധി പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിലൂടെ വിനോദ സഞ്ചാര മേഖലയിൽ ഉണ്ടായ മുന്നേറ്റവും വളർച്ചയും യുഎഇയിൽ ജീവിക്കുന്ന ഏവർക്കും പുതിയ സ്വപ്നങ്ങൾ കണ്ട് യാത്ര തുടരുന്നതിന് പ്രേരകശക്തിയാവുകയാണ്.
ഭൂമിയുടെ അതിരുകൾ പിന്നിട്ട് ചന്ദ്രനോളം കുതിക്കാൻ ‘അൽഅമൽ’ എന്ന ചൊവ്വാ ദൗത്യം വിജയകരമായി പൂർത്തികരിച്ചതിലൂടെ രാജ്യത്തിന് കഴിഞ്ഞു. 2021ൽ നടക്കാനിരിക്കുന്ന എക്സ്പോയാണ് ഈ ഭരണാധികാരി ലോകത്തിന് കരുതിവെച്ചിരിക്കുന്ന മറ്റൊരു വിസ്മയം.
രചയിതാവ് സൂചിപ്പിക്കും പോലേ ഇനിയും ഏറേ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. എക്സ്പ്ലോറർ പ്രസിദ്ധീകരിച്ച ഈ പുസ്തകം സമകാലിക ലോകത്ത് ഏറ്റവും ചലനാത്മകവും വിജയകരവുമായ രാജ്യങ്ങളിൽ ഒന്ന് എങ്ങിനെ സ്ഥാപിക്കപ്പെട്ടുവെന്നും എങ്ങനെ ഇന്ന് കാണുന്ന വിസ്മയാവഹമായ വളർച്ചയിലേക്ക് കുതിച്ചു എന്നതും വിളിച്ച് പറയുന്ന ആധികാരിക രേഖയാണ്.