ട്രാക്കിൽ രാത്രി പട്രോളിങ് നടത്തുന്നതിനിടെ ട്രെയിനിന്റെ എൻജിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു..

തൃശൂർ • ട്രാക്കിൽ രാത്രി പട്രോളിങ് നടത്തുന്നതിനിടെ ട്രെയിനിന്റെ എൻജിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു. സഹപ്രവർത്തകനു ഗുരുതരമായി പരുക്കേറ്റു. തിങ്കളാഴ്ച രാത്രി എട്ടരയോടെ ഒല്ലൂരിനും തൃശൂരിനും ഇടയിലായിരുന്നു സംഭവം. മഴ മൂലം ട്രാക്കിൽ തടസ്സങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാൻ പുറപ്പെട്ടത‍ായിരുന്നു. രാജധാനി എക്സ്പ്രസ് വരുന്നതു കണ്ട് എതിർവശത്തെ ട്രാക്കിലേക്കു കയറിനിന്ന ഇവരെ ഇതുവഴിയെത്തിയ എൻജിൻ ഇടിക്കുകയായിരുന്നു. തൃശൂർ റെയിൽവേ എൻജ‍ിനീയറിങ് വിഭാഗത്തിലെ ഗ്യാങ് മാൻ ഹർഷൻ കുമാർ (38) ആണു മരിച്ചത്. സഹപ്രവർത്തകൻ വടക്കാഞ്ചേരി സ്വദേശി വിനീഷ് (20) തലയ്ക്കു ഗുരുതര പരുക്കേറ്റ് ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്.