
അയോധ്യയിലെ മുസ്ലിം പള്ളിയുടെ നിർമ്മാണം ആരംഭിച്ചു. അയോധ്യയിലെ ധന്നിപ്പൂർ ഗ്രാമത്തിലുള്ള അഞ്ചേക്കർ സ്ഥലത്താണ് പള്ളി നിർമ്മിക്കുക. റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തിയാണ് പള്ളി നിർമ്മാണത്തിനു തുടക്കമിട്ടത്. രാവിലെ 8.15ഓടെ തന്നെ ട്രസ്റ്റ് അംഗങ്ങൾ സ്ഥലത്ത് എത്തിയിരുന്നു. 8.45ന് ട്രസ്റ്റ് ചീഫ് സഫർ അഹ്മദ് ഫാറൂഖി ദേശീയ പതാക ഉയർത്തി. തുടർന്ന് ട്രസ്റ്റിലെ 12 അംഗങ്ങളും ഓരോ മരം വീതം നട്ടു. അയോധ്യ തർക്ക ഭൂമിയുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയെ തുടർന്നാണ് പള്ളിക്ക് പ്രത്യേക സ്ഥലം അനുവദിച്ചത്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം നടക്കുന്ന സ്ഥലത്തു നിന്ന് 25 കിലോമീറ്റർ അകലെയാണ് പള്ളി പണിയുക.
“സ്ഥലത്തെ മണ്ണ് പരിശോധന തുടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പള്ളി പണി ആരംഭിച്ചു എന്ന് പറയാം. ടിസിമണ്ണ് പരിശോധനാ റിപ്പോർട്ടുകൾ പുറത്തു വന്നാൽ കെട്ടിടം പണി ആരംഭിക്കും. നിർമ്മാണത്തുള്ള സംഭാവനകൾ ആളുകൾ നൽകി തുടങ്ങി.”- സഫർ അഹ്മദ് എൻ.ഡി.ടിവിയോട് പറഞ്ഞു.