ലുലു സി.എഫ്.എല്‍.ടി.സിയില്‍ കോ വിഡ് രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി..

കേരളത്തിലെ ഏറ്റവും വലിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ നാട്ടിക ലുലു സി.എഫ്.എല്‍.ടി.സിയില്‍ കോ വിഡ് രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങി. കോ വിഡ് രോഗികളായ പ്രായമായവര്‍, മറ്റ് രോഗങ്ങളുള്ളവര്‍ എന്നിവരാണ് ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്.ഹൈ ഡിപ്പെന്റെന്‍സി യൂണിറ്റില്‍ 50 ബെഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 1400 ബെഡുകള്‍ ഒരുക്കിയിട്ടുള്ള സി എഫ് എല്‍ ടി സിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 45 രോഗികളെ പ്രവേശിപ്പിച്ചു.

കോ വിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കാറ്റഗറി ബി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 400 ബെഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 60 ഡോക്ടര്‍മാരും 100 നഴ്‌സ്മാരുമാണ് വിവിധ ഷിഫ്റ്റുകളിലായി ഇവിടെ സേവനമനുഷ്ഠിക്കുന്നത്. രോഗികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനവും ഇവിടെയുണ്ട്.

കുടിവെള്ള സൗകര്യം, വാട്ടര്‍ ഫില്‍റ്റര്‍, ഹോട്ട് വാട്ടര്‍ സൗകര്യം, വാഷിങ് മെഷിന്‍സ്, ബാത്ത് -ടോയലറ്റ്‌സ്, മാലിന്യ സംസ്‌കരണ സംവിധാനം, ടിവി, വൈഫൈ, എന്നിവ സെന്ററില്‍ ഒരുക്കി. വിനോദത്തിനായി റിക്രിയേഷന്‍ ക്ലബ്, കാരംസ്, ആമ്പല്‍ക്കുളം, ഉദ്യാനം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഗവ.എന്‍ജിനീയറിങ് കോളേജ് ഇലക്ട്രോണിക്‌സ് വിഭാഗം വിദ്യാര്‍ത്ഥി കള്‍ നിര്‍മ്മിച്ച ബൈക്കിലാണ് ഭക്ഷണ വിതരണം നടത്തുന്നത്. കൂടാതെ അനുബന്ധ ആരോഗ്യ പ്രവര്‍ത്തകരും പരിശീലനം ലഭിച്ച 200 വളന്റിയര്‍മാരും സേവനത്തിനുണ്ടാകും.