
ദിവാൻജിമൂല റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച അപ്പ്രോച്ച് റോഡ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു.
വടക്കേച്ചിറ ഹബ്ബിന്റെ ഉദ്ഘാടന വേദിയിൽ തന്നെയായിരുന്നു ഉദ്ഘാടനം. തുടർന്നു പാലത്തിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ, മേയർ അജിത ജയരാജൻ എന്നിവർ ചേർന്നു നാട മുറിച്ചു.
22 കോടി രൂപ ചെലവഴിച്ചാണു റോഡിന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. ഏറെക്കാലമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇടമാണ് ദിവാൻജിമൂല മേൽപാലം. എട്ട് മീറ്റർ മാത്രം വീതിയുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള പാലമാണ് 270 മീറ്റർ നീളത്തിലും 1.5 മീറ്റർ മുതൽ ഏഴ് മീറ്റർ വരെ ഉയരത്തിലും നിർമിച്ചിരിക്കുന്നത്.
മേൽപാല നിർമാണത്തിനു സ്ഥലം വിട്ടു നൽകിയ പ്രദേശവാസിയായ രവിയെ മന്ത്രി എ.സി .മൊയ്തീനും കരാറുകാരനായ മുഹമ്മദ് ബുഖാരിയെ മന്ത്രി വി .എസ്. സുനിൽകുമാറും ആദരിച്ചു. ഡപ്യൂട്ടി മേയർ റാഫി ജോസ്, എംഎൽ റോസി, ശാന്ത അപ്പു, സുരേന്ദ്രൻ ഐനിക്കുന്നത്ത്, ഡിപിസി അംഗം വർഗീസ് കണ്ടംകുളത്തി, മുൻ മേയർ അജിത വിജയൻ, കൗൺസിലർ എം എസ് സമ്പൂർണ, അനൂപ് ഡേവിസ് കാട എന്നിവർ പങ്കെടുത്തു.