എല്ലാ കുടുംബങ്ങള്‍ക്കും വീട് വെച്ച് നല്‍കും
പെട്ടി മുടിയിലുള്ള എല്ലാ കുടുംബങ്ങള്‍ക്കും വീട് വെച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തിനായുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്ടിമുടി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
’55 മൃതദേഹങ്ങളാണ് കണ്ടെത്തനായത്. 15 പേരെ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതിനുള്ള ശ്രമം തുടരുകയാണ്. വിവരം പുറത്തറഞ്ഞതിന് ശേഷം ഏറ്റവും ജാഗ്രതയോടെയുള്ള രക്ഷാപ്രവര്‍ത്തനമാണ് നടന്നത്. അതില്‍ ഔദ്യോഗിക ഏജന്‍സികളും നാട്ടുകാരും നല്ല പങ്കാളിത്തം വഹിച്ചു. ഇപ്പോഴും അവരുടെ ജോലി നിര്‍വഹിച്ചുകൊണ്ടിരിക്കുകയാണ്.
ചുരുക്കം ചിലരാണ് ഇവിടെ അവശേഷിക്കുന്നത്. ഓരോ കുടുംബത്തിലേയും ചിലര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇവിടെ ഒരു പ്രദേശമാകെ ഒന്നിച്ച് ഒലിച്ചുപോയ അവസ്ഥയാണ്. അതുകൊണ്ട് തന്നെ പുതിയ വീട് അവിടെ പണിയുക പ്രയാസമാണ്.
പുതിയ സ്ഥലവും പുതിയ വീടും ഇവര്‍ക്ക് കണ്ടെത്തേണ്ടതായുണ്ട്. ഇത്തരം ദുരന്തങ്ങളിലെല്ലാം സര്‍ക്കാര്‍ ചെയ്തത് വീട് നിര്മിച്ചുകൊടുക്കുക എന്നതാണ്. കവളപ്പാറയിലും പുത്തുമലയിലും എല്ലാം അത് ചെയ്തു.
ഇവിടേയും അതേ നിലപാട് തന്നെയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എല്ലാ കുടുംബങ്ങള്‍ക്കും വീട് നിര്‍മിച്ചു നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സഹായിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ സഹായിക്കാന്‍ കഴിയും. ഇവിടെ കണ്ണന്‍ദേവന്‍ കമ്പനി നല്ല രീതിയില്‍ സഹായവുമായി മുന്നോട്ടുവരുമെന്നാണ് കരുതുന്നത്.