സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കോവിഡ് പടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ ജാഗ്രത വേണ മെന്ന് മുന്നറിയിപ്പ്. തൃശ്ശൂർ, ആലപ്പുഴ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ പ്രത്യേക ജാഗ്രത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇവിടങ്ങളിൽ കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
കടലോര മേഖലകൾ, ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലകൾ, ആലപ്പുഴ ഐടിബിപി ക്യാമ്പ്, കണ്ണൂർ സിഐഎസ്എഫ്, ഡിഎസ്സി ക്യാമ്പുകൾ തുടങ്ങിയ ഇടങ്ങളിൽ മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം. സമ്പർക്കത്തിലൂടെ കോവിഡ് പടർന്ന് കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടാമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
സംസ്ഥാനത്ത് ഇതുവരെ 15 ക്ലസ്റ്ററുകൾ നിയന്ത്രണ വിധേയമായി എന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. കൊല്ലത്ത് 11നും തിരുവനന്തപുരത്ത് ആറും പത്തനംതിട്ട, എറണാകുളം ആലപ്പുഴ ജില്ലകളിൽ നാല് വീതവും ക്ലസ്റ്ററുകൾ രൂപപ്പെട്ടു. തിരുവനന്തപുരത്തെ പൂന്തുറ, മലപ്പുറത്തെ പൊന്നാനി എന്നിവയാണ് വലിയ ക്ലസ്റ്ററുകൾ.