ജില്ലയിൽ 8 പേർക്ക് ഇന്ന് കോവിഡ് പോസിറ്റീവ്; 3 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ..

തൃശൂർ ജില്ലയിൽ ഇന്ന് 8 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി തിരിച്ചെത്തിയ 5 പേർക്കും സമ്പർക്കത്തിലൂടെ 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

മെയ് 27 ന് അബുദാബിയിൽ നിന്നെത്തിയ വരവൂർ സ്വദേശി (50), 26 ന് കുവൈറ്റിൽ നിന്നെത്തിയ മാടക്കത്തറ സ്വദേശിനി (32), 22 ന് ഇറ്റലിയിൽ നിന്നെത്തിയ പുത്തൻചിറ സ്വദേശിനി (39), 26 ന് കുവൈറ്റിൽ നിന്നെത്തിയ ചാലക്കുടി സ്വദേശിനി (44), 29 ന് മുംബൈയിൽ നിന്നെത്തിയ താന്ന്യം സ്വദേശി (54) എന്നിവർക്കും നേരത്തെ പോസിറ്റീവ് ആയ പൂത്തോൾ സ്വദേശിയുടെ മകൻ (14), ഊരകം സ്വദേശിയായ ആരോഗ്യ പ്രവർത്തക (51), കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ പങ്കാളിയായ സന്നദ്ധ പ്രവർത്തകൻ (27) എന്നിവർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

പൊറുത്തിശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ കേന്ദ്രത്തിന്റെ തുടർ പ്രവർത്തനങ്ങൾ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം തീരുമാനിക്കും. ഇതുവരെ ജില്ലയിൽ 94 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വീടുകളിൽ 13441 പേരും ആശുപത്രികളിൽ 85 പേരും ഉൾപ്പെടെ ആകെ 13526 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. വെള്ളിയാഴ്ച 5 പേരെ ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചിട്ടുണ്ട്.