ആദിവാസി ഊരുകളിലും അധ്യയനം ഓൺലൈനായി; ഹാപ്പിയായി കുഞ്ഞുങ്ങൾ..

സംസ്ഥാനത്ത് ഓൺലൈൻ ആയി അധ്യയന വർഷം ആരംഭിച്ചപ്പോൾ ജില്ലയിലെ ആദിവാസി വിദ്യാർത്ഥികളും ഓൺലൈനായി പഠനമാരംഭിച്ചു. ആദിവാസി മേഖലയിലെ വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യം ചെയ്തു നൽകിയതിന്റെ ആശ്വാസത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. ചുരുക്കം ചില പ്രദേശങ്ങളിൽ മാത്രമാണ് ഇപ്പോഴും ടി വി അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാകാത്തത്.

സ്‌പെഷ്യൽ സർവ്വേ നടത്തി ഈ വിദ്യാർഥികളുടെ എണ്ണമെടുത്ത് രണ്ട് ദിവസത്തിനുള്ളിൽ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, എംഎൽഎ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തി ഇവർക്ക് ബദൽ സൗകര്യമൊരുക്കി നൽകാനാണ് തീരുമാനം. ആദ്യ ദിവസങ്ങളിൽ നഷ്ടപ്പെട്ട ക്ലാസ്സുകൾ ഇവർക്ക് പുനഃസംപ്രേഷണത്തിലൂടെ വീണ്ടെടുക്കാൻ സൗകര്യവും ഒരുക്കും.

ജില്ലയിൽ ചാലക്കുടി, കൊടകര, പഴയന്നൂർ, വടക്കാഞ്ചേരി എന്നീ പഞ്ചായത്തുകളുടെ കീഴിലാണ് ആദിവാസി മേഖലകളുള്ളത്. തിങ്കളാഴ്ച മുതൽ മറ്റു സ്‌കൂളുകളിലെ പോലെ ആദിവാസി ഊരുകളിൽ ഓൺലൈൻ പഠനം ആരംഭിച്ചു. വീടുകളിൽ പഠനത്തിന് സൗകര്യം ഇല്ലാത്തവർക്ക് അതാത് പഞ്ചായത്തുകളുടെ കീഴിൽ സൗകര്യമൊരുക്കി നൽകി. പ്രദേശത്ത് ചുമതലയുള്ള അധ്യാപകരുടെ മേൽനോട്ടത്തിലായിരുന്നു ക്ലാസുകൾ കാണാനുള്ള സംവിധാനം ഒരുക്കിയത്.

ഓരോ സംപ്രേഷണത്തിന് മുൻപും അധ്യാപകർ കുട്ടികൾക്ക് ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകി. പഞ്ചായത്ത്, ലൈബ്രറി, വായനശാല, സാംസ്‌കാരിക നിലയങ്ങൾ എന്നിവരുടെ കീഴിൽ ടിവി, കേബിൾ കണക്ഷൻ എന്നിവ നേരത്തെ തന്നെ നൽകിയിരുന്നു.