കേരളത്തിന്റെ നയാഗ്ര എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം തൃശൂർ ജില്ലയിലെ ചാലക്കുടിയില്‍ നിന്ന് 30 കിലോമീറ്റര്‍ കിഴക്ക് സ്ഥിതിചെയ്യുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടമാണ്. എല്ലാ വർഷവും സംസ്ഥാനത്ത് എത്തുന്ന വിനോദ സഞ്ചാരികളിൽ ഭൂരിഭാഗവും ലക്ഷ്യമിടുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് അതിരപ്പളളി.
വനത്താൽ ചുറ്റപ്പെട്ടതും, ധാരാളം വൈവിധ്യമാർന്ന വിവിധയിനം പക്ഷികളുടെ വാസസ്ഥലവുമാണ് ഇവിടം.
ഇൗ വെള്ളച്ചാട്ടത്തിന്റെ പ്രഭവകേന്ദ്രം ചാലക്കുടിപ്പുഴയാണ്. ചാലക്കുടി പുഴയിലെ ഈ ജലപാതങ്ങൾ മഴ തുടങ്ങുന്നതോടെ വിദേശ സഞ്ചാരികളടക്കമുള്ളവരെ ഇവിടേക്ക് ആകർഷിക്കുന്നു.
സംഹാരരൂപത്തിലുള്ള അതിരപ്പള്ളിയുടെ മനോഹാരിത വാക്കുകൾ കൊണ്ട് അവർണ്ണനീയമായ ഒന്നാണ്. വെള്ളച്ചാട്ടവും കാനന ഭംഗി നുകര്‍ന്നു കൊണ്ടുള്ള യാത്രയും എതൊരു സഞ്ചാരിയുടെയും മനം കവരുന്നതാണ്.
മഴക്കാല യാത്രകളിൽ കാടും കാട്ടാറും നൽകുന്ന അനുഭൂതിയൊന്നു വേറെ തന്നെയാണ്. മഴക്കാലത്ത് അതിരപ്പിള്ളി എന്ന സുന്ദരിയെ കാണാൻ നിരവധിപേരാണ് എത്തുന്നത്. പ്രകൃതിയുടെ ലഹരി ആവോളം ആസ്വദിച്ച് മനം കുളിർപ്പിക്കാൻ പറ്റിയയിടമാണ് ഇവിടം. ധാരാളം പേർ സിനിമകളുടെ ചിത്രീകരണത്തിനും, വിവാഹ ഫോട്ടോഗ്രാഫിക്കും മറ്റുമായി ഇവിടെ എത്താറുമുണ്ട്.
വിനോദസഞ്ചാരികളുടെ ബാഹുല്യം ഇവിടത്തെ പ്രകൃതി-പരിസ്ഥിതി വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്. അതിനാൽ ഇൗ സൗന്ദര്യം അതിരപ്പള്ളിയുടെ ശാപമായി മാറാതിരിക്കാൻ കൂടി ഇൗ ഘട്ടത്തിൽ നാം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.