തൃശൂരിന്റെ അഭിമാന സ്തംഭമാണ് കേരള കലാമണ്ഡലം. കേരളത്തിന്റെ കലാപീഠം എന്ന് വിശേഷിപ്പിക്കാവുന്ന ഇൗ സ്ഥാപനം ഭാരതപ്പുഴയുടെ തീരത്തുള്ള ചെറുതുരുത്തിയിലാണ് സ്ഥിതി ചെയ്യുന്നത്.
മഹാകവിത്രയങ്ങളിലൊരാളായ വള്ളത്തോള്‍ നാരായണ മേനോന് മുന്‍കൈയ്യെടുത്ത് 1930 ല്‍ സ്ഥാപിച്ച ഈ സാംസ്കാരിക കേന്ദ്രം ലോക സാംസ്കാരിക ഭൂപടത്തില്‍ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ നാമാവശേഷമായി തുടങ്ങിയ കേരളീയ കലാരൂപങ്ങളും പാരമ്പര്യ കലകളും ഔപചാരികമായി തന്നെ പഠിപ്പിക്കുവാനും പരിശീലിപ്പിക്കുവാനും തുടങ്ങിയ സ്ഥാപനമെന്ന നിലയില്‍ കലാമണ്ഡലത്തിന്റെ പിറവി സാംസ്കാരിക ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.
കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, കൂത്ത്, നങ്ങ്യാര്‍കൂത്ത് തുടങ്ങിയ കലാരൂപങ്ങളും, വിവിധ താളവാദ്യങ്ങളും കലാരൂപങ്ങള്ക്കാവശ്യമായ സംഗീതപാഠങ്ങളും ഇവിടെ അഭ്യസിപ്പിക്കുന്നുണ്ട്.
ഇൗ കലാകേന്ദ്രത്തിൽ കല അഭ്യസിച്ചിറങ്ങിയ കലാകാരന്മാർ ലോകത്തിന് മുൻപിൽ കേരളത്തിന്റെ കലാരൂപങ്ങളുടെ ബ്രാൻഡ് അംബാസഡർമാരായി മാറിയെന്ന് നിസ്സംശയം പറയാം. തുടക്ക കാലങ്ങളിൽ ഉണ്ടായിരുന്ന അതേ അന്തരീക്ഷം തന്നെയാണ് കലാമണ്ഡലത്തിലെ കളരികളില്‍ ഇപ്പോഴും നില നിലയ്ക്കുന്നത്.
മഹാക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളുടെ മാതൃകയിലുള്ള കൂത്തമ്പലം കലാമണ്ഡലത്തിന്റെ പ്രധാന ആകർഷണമാണ്. കലാമണ്ഡലത്തിന്റെ ഭിത്തിയും തൂണുകളും പോലും കലയുടെ നിറവിൽ തെളിമയോടെ നിൽക്കുന്നത് കാണാം. കരിങ്കല്‍ തൂണുകളില്‍ നാട്യശാസ്ത്രത്തിലെ നൂറ്റെട്ടു കരണങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്.
ദിനംപ്രതി നിരവധി തദ്ദേശീയരും വിദേശീയരുമായ വിനോദസഞ്ചാരികളാണ് കേരളത്തിന്റെ സാംസ്കാരിക അടയാളങ്ങളായ വിവിധ കലാരൂപങ്ങൾ നേരിൽ കണ്ട് പഠിക്കാനും ആസ്വദിക്കാനുമായി ഇവിടെയെത്തുന്നത്.