തൃശൂർ മടവാക്കരയിൽ നിയന്ത്രണം വിട്ട ഇലക്ട്രിക് കാർ മണലിപ്പുഴയിലേക്ക് മറിഞ്ഞു.

bike accident

തൃശൂർ മടവാക്കരയിൽ നിയന്ത്രണം വിട്ട ഇലക്ട്രിക് കാർ മണലിപ്പുഴയിലേക്ക് മറിഞ്ഞു.അപകടത്തിൽ കാർ പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ടെങ്കിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മടവാക്കര കാച്ചക്കടവ് ഭാഗത്ത് വച്ച് ദാരുണമായ സംഭവം നടന്നത്. ചാവക്കാട് മന്ദലാംകുന്ന് സ്വദേശിയും ആലുവയിലെ സ്വകാര്യ കോളേജിലെ എൽഎൽബി വിദ്യാർത്ഥിയുമായ സിനാൻ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന സിനാൻ സഞ്ചരിച്ചിരുന്ന വാഹനം വളവുള്ള ഭാഗത്ത് വച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടസാധ്യത മനസ്സിലാക്കിയ ഉടൻ തന്നെ ഡോർ തുറന്ന് സിനാൻ പുറത്തേക്ക് ചാടിയതിനാലാണ് ജീവഹാനി ഒഴിവായത്. തൊട്ടുപിന്നാലെ എത്തിയ മറ്റ് യാത്രാ വാഹനങ്ങളിലെ യാത്രക്കാരുടെ സഹായത്തോടെ കയർ ഉപയോഗിച്ച് കാർ കരയിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിനെ തുടർന്ന് കാർ പുഴയുടെ ആഴങ്ങളിലേക്ക് നീങ്ങിപ്പോകുകയായിരുന്നു.

സംഭവത്തെ തുടർന്ന് വിവരം ലഭിച്ചയുടൻ പുതുക്കാട് അഗ്നിരക്ഷാ സേനയും സ്ക്രീനിംഗ് സ്കൂബ ടീമും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. എന്നാൽ പുഴയിലെ വലിയ ഒഴുക്ക് മൂലം വാഹനം കണ്ടെത്താനുള്ള ദൗത്യം ഏറെ ദുഷ്കരമായി തുടരുകയാണ്. പോലീസും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണയുമായി രംഗത്തുണ്ട്.