ലഹരിമരുന്ന് കടത്തിലൂടെ ദമ്പതികള്‍ സമ്പാദിച്ച 37 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്.

തൃശൂർ : എടത്തിരുത്തി സ്വദേശി അഖില്‍ (31), പെരിഞ്ഞനം സ്വദേശിനി കള്ളിപറമ്പില്‍ വീട്ടില്‍ ഫസീല (33) എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുക. അഖിലിന്റെ എടത്തിരുത്തിയിലുള്ള ബാങ്ക് അക്കൗണ്ടിലെ 1,94,718 രൂപ, 24 ലക്ഷം രൂപ വിലയുള്ള ജെ സി ബി, 6.5 ലക്ഷം രൂപയുടെ കാര്‍, എടത്തിരുത്തി വില്ലേജിലെ 5,32,500 രൂപ വിലമതിക്കുന്ന 8.30 സെന്റ് ഭൂമി എന്നിവയുള്‍പ്പെടെ ആകെ 37,78,117 രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുക. 10 വര്‍ഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവരുടെയും അവരുടെ സഹായികളുടെയും ബന്ധുക്കളുടെയും പേരില്‍ ലഹരിമരുന്ന് പണം ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ ഡി പി എസ് നിയമ പ്രകാരം വ്യവസ്ഥയുണ്ട്.

ഇതു പ്രകാരം ചെന്നൈയിലെ കോംപിറ്റന്റ് അതോറിറ്റിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സ്വത്തു വകകള്‍ കണ്ടുകെട്ടുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചത്.കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 29 ന് വലപ്പാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ തളിക്കുളം കൈതക്കല്‍ വെച്ച് 31.330 ഗ്രാം മെത്താഫിറ്റമിനുമായാണ് ഇരുവരും പിടിയിലായിരുന്നു. പ്രതികള്‍ക്കെതിരെ എന്‍ ഡി പി എസ് നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു.