
തൃശൂർ: പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി ഈ മാസം തന്നെ തുറന്നുകൊടുക്കാനുളള നടപടികൾ വേഗത്തിലാക്കി. ഒക്ടോബർ 28ന് ഉദ്ഘാടനം നടത്തിയെങ്കിലും വിദ്യാർത്ഥികൾക്കും മറ്റുമായി സന്ദർശനം നിയന്ത്രിച്ചിരുന്നു.
മാനുകൾ ചത്തതും തൃശൂർ മൃഗശാലയിൽ നിന്ന് മൃഗങ്ങളെ എത്തിക്കുന്നതിനുള്ള തടസവും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത് വൈകുന്നതിന് കാരണമായി. മൃഗങ്ങളും പക്ഷികളുമായി ഇരുന്നൂറോളം ജീവികൾ പാർക്കിലുണ്ട്. വിദേശങ്ങളിൽ നിന്നും മൃഗങ്ങളെ എത്തിക്കാനുള്ള നടപടികൾ തുടരുന്നു. നാലുവീതം അനാക്കോണ്ടയും സീബ്രയും ആഫ്രിക്കൻ മാനും ഉടനെയെത്തും. ഒരാൾക്ക് 100 രൂപ നിരക്കിൽ പാർക്കിനുള്ളിൽ കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ ബസ് സർവീസുണ്ടാകും.
തൃശൂർ മൃഗശാലയിൽ നിന്ന് മൃഗങ്ങളെ മാറ്റാനുള്ള അനുമതി ഡിസംബറിൽ പൂർത്തിയായിരുന്നു. വീണ്ടും അനുമതിക്കായി അപേക്ഷ നൽകി. അനുമതി ലഭിച്ചാലുടൻ നിലവിലുള്ള ഇരുനൂറോളം ജീവികളെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റും.
ടിക്കറ്റ് നിരക്ക്: (രൂപയിൽ) മുതിർന്നവർക്ക്: 100, 5 – 12 വയസു വരെ: 30, 60 വയസിനു മുകളിൽ: 50, 5 വയസിന് താഴെ: സൗജന്യം വിസ്തൃതി: 336 ഏക്കർ ചെലവ്: 512കോടി
സുരക്ഷ മുഖ്യം പാർക്കിലെ പക്ഷിമൃഗാദികളുടേയും ജീവനക്കാർ, സന്ദർശകർ എന്നിവരുടേയും സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സൂ ഡിസൈനർ, ഫയർ ആൻഡ് സേഫ്റ്റി, പൊലീസ്, ദുരന്തനിവാരണ വിഭാഗം, മൃഗശാല വിദഗ്ധർ, റോഡ് ആൻഡ് സേഫ്റ്റി വിഭാഗം, ആരോഗ്യ ശുചിത്വ വിഭാഗം വിദഗ്ധരെ ഉൾപ്പെടുത്തി നിർമ്മാണ പ്രവർത്തനങ്ങളേയും സൗകര്യങ്ങളേയും കുറിച്ച് ഓഡിറ്റിംഗ് നടത്തണമെന്ന് ഫ്രണ്ട്സ് ഒഫ് സൂ ചൂണ്ടിക്കാട്ടി.
പ്രസിദ്ധ ആസ്ട്രേലിയൻ സൂ ഡിസൈനർ ജോൺകോയുടെ മാസ്റ്റർ പ്ലാനിൽ ആവാസ ഇടങ്ങൾ സന്ദർശിക്കുന്നതിനായി ട്രാംവേയും ട്രാം സ്റ്റേഷനുകളും വേണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സുരക്ഷ ഉറപ്പുവരുത്താൻ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന് കേന്ദ്ര മൃഗശാല അതോറിട്ടി, സുവോളജിക്കൽ പാർക്ക് ഡയറക്ടർ എന്നിവർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു.






