സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യ ഓൺലൈൻ ടാക്‌സി സേവനമായ ‘കേരള സവാരി’ ഇനി തൃശൂരിലും.

തിരുവനന്തപുരത്തിനും കൊച്ചിക്കും പിന്നാലെയാണ് സാംസ്‌കാരിക തലസ്ഥാനത്തേക്കും ഈ ജനകീയ ടാക്‌സി സേവനം വ്യാപിപ്പിക്കുന്നത്. സ്വകാര്യ ഓൺലൈൻ ടാക്‌സി ആപ്പുകളുടെ കൊള്ളയിൽ നിന്ന് യാത്രക്കാരെയും ഡ്രൈവർമാരെയും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

മറ്റ് ഓൺലൈൻ ടാക്സി സർവീസുകളിൽ നിന്ന് വ്യത്യസ്തമായി ‘സർജ് പ്രൈസിങ്ങ്’ അഥവാ തിരക്കുള്ള സമയങ്ങളിൽ അധിക നിരക്ക് ഈടാക്കുന്ന രീതി കേരള സവാരിയിലില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള ന്യായമായ നിരക്കിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുന്നു. സ്വകാര്യ കമ്പനികൾ 20 മുതൽ 30 ശതമാനം വരെ സർവീസ് ചാർജ് ഈടാക്കുമ്പോൾ, കേരള സവാരിയിൽ കേവലം 8 ശതമാനം മാത്രമാണ് സർവീസ് ചാർജ്. ഇത് ഡ്രൈവർമാർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനൊപ്പം യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനും അവസരമൊരുക്കുന്നു.

സുരക്ഷയ്ക്കും വലിയ പ്രാധാന്യമാണ് കേരള സവാരി നൽകുന്നത്. ആപ്പിൽ പാനിക് ബട്ടൺ സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. അപകടഘട്ടങ്ങളിൽ യാത്രക്കാർക്കും ഡ്രൈവർമാർക്കും ഈ സേവനം ഉപയോഗപ്പെടുത്താം. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുള്ള ഡ്രൈവർമാരെ മാത്രമേ പദ്ധതിയുടെ ഭാഗമാക്കൂ എന്നത് യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നു. തൃശൂർ നഗരപരിധിയിലും ജില്ലയുടെ പ്രധാന ഭാഗങ്ങളിലും ഓട്ടോ-ടാക്സി ഡ്രൈവർമാർക്ക് ഇപ്പോൾ കേരള സവാരിയുടെ ഭാഗമാകാൻ റജിസ്ട്രേഷൻ സൗകര്യമുണ്ട്.

യാത്രക്കാർക്ക് പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും കേരള സവാരി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഗുണകരമാകുന്ന ഈ പദ്ധതി തൃശൂരിലെ ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾക്കാണ് വഴിയൊരുക്കുന്നത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ നടക്കുന്ന സർവീസുകൾ ഉടൻ തന്നെ ജില്ലയിലുടനീളം പൂർണ്ണതോതിൽ ലഭ്യമാകും.