
തൃശ്ശൂർ: കൗമാരകലയുടെ സ്വർണക്കിരീടം ആവേശകരമായ പോരാട്ടത്തിനൊടുവിൽ കണ്ണൂരിന് സ്വന്തം. അവസാന മത്സരം വരെ നീണ്ട പേരാട്ടത്തിൽ ഫോട്ടോഫിനിഷിലാണ് കിരീടനേട്ടം. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ തൃശ്ശൂർ ആണ് രണ്ടാം സ്ഥാനത്ത്. അഞ്ച് പോയന്റ് വ്യത്യാസത്തിലാണ് കണ്ണൂർ തൃശ്ശൂരിനെ മറികടന്നത്. കഴിഞ്ഞ തവണ അവസാനനിമിഷം വരെ ഉദ്വേഗം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ പാലക്കാടിനെ പിന്നിലാക്കി തൃശ്ശൂർ കിരീടം ഉറപ്പിക്കുകയായിരുന്നു. കണ്ണൂരായിരുന്നു അന്നു മൂന്നാമത്.
കലയെന്നത് വെറുമൊരു മത്സരമല്ലെന്നും അത് മനുഷ്യത്വത്തിന്റേയും കരുതലിന്റേയും അടയാളമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സിയ ഫാത്തിമയുടേയും സച്ചുവിന്റെയും പരിശ്രമം മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
“കലോത്സവനഗരിയിൽ നിൽക്കുമ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമെന്ന വിശേഷണത്തേക്കാൾ ഉപരിയായി മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്, കുട്ടിയുടെ വീട്ടുമുറ്റത്തേക്ക് വേദി എത്തിയ നിമിഷമാണ്. മാരകമായ രോഗാവസ്ഥയിലായി വേദിയിലെത്താനാകാത്ത കൊച്ചു മിടുക്കി സിയ ഫാത്തിമയ്ക്കു വേണ്ടി അവളുടെ വീട് തന്നെ വേദിയാക്കിയ തീരുമാനമാണ് കലോത്സവത്തിന്റെ യഥാർത്ഥ വിജയം. മത്സരിക്കാൻ കഴിയാത്തവരുടെ കണ്ണീരൊപ്പാനായി എന്നത് കിരീടനേട്ടത്തേക്കാൾ വലിയ കാര്യമായി കാണുന്നു. പ്രതികൂല സാഹചര്യങ്ങളോട് പോരാടി വിസ്മയകരമായ പ്രകടനം കാഴ്ചവെച്ച സച്ചുവിനെ കണ്ടു.
സച്ചുവിന് വീടുവെച്ചുകൊടുക്കാനുള്ള നടപടികൾ സർക്കാർ ഏറ്റെടുത്തതായി അറിയിക്കുന്നു. ആ പ്രതിഭയ്ക്കുള്ള ആദരമാണ്. കലയെന്നത് വെറുമൊരു മത്സരമല്ല, മറിച്ച് മനുഷ്യത്വത്തിന്റേയും കരുതലിന്റേയും അടയാളമാണെന്നാണ് ഈ രണ്ടു സംഭവങ്ങളും വ്യക്തമാക്കുന്നത്”, വി. ശിവൻകുട്ടി പറഞ്ഞു. കലയെന്നത് വെറുമൊരു മത്സരമല്ലെന്നും അത് മനുഷ്യത്വത്തിന്റേയും കരുതലിന്റേയും അടയാളമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.





