
കാൽനൂറ്റാണ്ടിനുശേഷം കഴിഞ്ഞ വർഷം തിരിച്ചുപിടിച്ച സംസ്ഥാന സ്‌കൂൾ കലോത്സവ സ്വർണക്കപ്പ് ഇത്തവണയും നിലനിർത്താമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ആതിഥേയരായ തൃശൂർ. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പാലക്കാട് ജില്ലയെ ഒരു പോയിന്റിന് മറികടന്നാണ് (1008 പോയിന്റ്) തൃശൂർ കിരീടം ചൂടിയത്.
പത്താം തവണയാണ് തൃശൂർ സംസ്ഥാന കലോത്സവത്തിന് വേദിയാകുന്നത്. ചരിത്രത്തിൽ ഇതുവരെ നാല് തവണ മാത്രമാണ് തൃശൂർ ജില്ലയ്ക്ക് സ്വർണക്കപ്പ് നേടാനായത് (1994, 1996, 1999, 2025 വർഷങ്ങളിൽ). 1999-ൽ കൊല്ലത്ത് നടന്ന കലോത്സവത്തിന് ശേഷം നീണ്ട 25 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ വർഷം കിരീടം തൃശൂരിലെത്തിയത്. ഇത്തവണ സ്വന്തം തട്ടകത്തിൽ നടക്കുന്ന മേളയിൽ ആധിപത്യം ഉറപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് തൃശൂർ ജില്ലയിലെ മത്സരാർത്ഥികൾ. 1968, 69 വർഷങ്ങളിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയും കിരീടം നേടിയിരുന്നു.








