
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് തൃശൂർ വേദിയാകുമ്പോൾ പൂരനഗരി പൂർണ്ണ സജ്ജമാണെന്നും, സമ്മാനങ്ങൾ നേടുന്നതിനേക്കാൾ ഉപരി കലാവേദികളിലെ ഒരുമയും സ്നേഹവുമാണ് കലോത്സവത്തിന്റെ ആത്മാവ് എന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഇരുപത്തിയഞ്ച് വേദികളിലായി നടക്കുന്ന മേളയ്ക്കായി എത്തുന്ന ആയിരക്കണക്കിന് വിദ്യാർഥികളെയും കലാസ്വാദകരെയും ഉൾക്കൊള്ളാൻ വിപുലമായ ക്രമീകരണങ്ങളാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.
പൂരത്തിന്റെയും പുലിക്കളിയുടെയും മാത്രമല്ല, എല്ലാത്തരം കലാരൂപങ്ങളുടെയും ഈറ്റില്ലമാണ് തൃശൂരെന്നും തേക്കിൻകാട് മൈതാനം, ടൗൺ ഹാൾ, സാഹിത്യ അക്കാദമി, റീജിയണൽ തിയേറ്റർ തുടങ്ങിയ സാംസ്കാരിക കേന്ദ്രങ്ങൾ കോർത്തിണക്കിയാണ് വേദികൾ സജ്ജീകരിച്ചിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തന്റെ പഠനകാലത്തെ കലോത്സവ ഓർമ്മകൾ പങ്കുവെച്ച മന്ത്രി, മത്സരബുദ്ധിയേക്കാൾ കലാവേദികളിൽ ഒരുമയോടെയും സ്നേഹത്തോടെയും പങ്കെടുക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് ഓർമ്മിപ്പിക്കുകയും മാറ്റുരയ്ക്കാനെത്തുന്ന എല്ലാ കൊച്ചു പ്രതിഭകൾക്കും ആശംസകൾ നേരുകയും ചെയ്തു.








