
സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂർ തേക്കിൻകാട് മൈതാനം വേദിയാക്കുന്നതിനെതിരെ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഹർജി തള്ളിയ കോടതി, ഹർജിക്കാരനായ തൃശൂർ സ്വദേശി നാരായണൻകുട്ടിക്ക് 10,000 രൂപ പിഴചുമത്തി. ഹർജി നിയമ പ്രക്രിയയുടെ ദുരുപയോഗമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നടപടി.
കലോത്സവം ആരംഭിക്കുന്നതിന് മുൻപ് തന്നെ, നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടോ എന്ന് പരിശോധിക്കാതെയാണ് ഹർജി നൽകിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. മൈതാനത്ത് പാചകം പാടില്ലെന്നതുൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് കലോത്സവത്തിന് അനുമതി നൽകിയിരുന്നത്. കലോത്സവത്തിനായി മരങ്ങൾ മുറിച്ചുമാറ്റിയെന്ന് ഹർജിക്കാരൻ ആരോപണമുന്നയിച്ചെങ്കിലും, ഇക്കാര്യം ഹർജിയിൽ വ്യക്തമാക്കിയിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.








