പാലക്കാട് ആലത്തൂരിൽ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ബിജെപി പ്രവർത്തകൻ പിടിയിൽ. പൊരുളിപ്പാടം സുരേഷ് ആണ് പഴനിയിൽ നിന്നും പൊലീസിന്റെ പിടിയിലായത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികയെ സുരേഷ് കഴിഞ്ഞ ദിവസം ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സുരേഷിനെതിരെ കേസെടുത്തിരിക്കുന്നത്.
ഇതിനിടെ പാലക്കാട് വയോധികക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമ കേസിൽ പ്രതിക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന വിശദീകരണവുമായി ബി ജെ പി രംഗത്തുവന്നിരുന്നു. പ്രതി പൊരുളിപ്പാടം സുരേഷ് പാർട്ടിയുടെയോ പോഷക സംഘടനകളുടെയോ ചുമതല വഹിക്കുന്ന ആളല്ലെന്ന് വിശദീകരണം.
വെള്ളിയാഴ്ചയായിരുന്നു സംഭവം. സുരേഷ് പരസ്യമായി നടുറോഡിൽ ഇരുന്ന് മദ്യപിച്ച ശേഷം പുറമ്പോക്കിലെ ഷെഡിൽ അതിക്രമിച്ചു കയറി. തുടർന്ന് അവിടെ ഒറ്റക്ക് താമസിക്കുകയായിരുന്നു വയോധികയെ ലൈംഗികാതിക്രമം നടത്തുകയും അതിനുശേഷം പുറത്താരോടേലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.





