
തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ പേ പാർക്കിങ് ഏരിയയിൽ തീപിടിത്തമുണ്ടായ സ്ഥലം സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ നേരിട്ടെത്തി പരിശോധിച്ചു. അന്വേഷണത്തിന് വേണ്ടി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണത്തിനുശേഷം കൂടുതൽ വിവിരങ്ങൾ വ്യക്തമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.
“സംസ്ഥാനത്തെ മുഴുവൻ പേ പാർക്കിങ്ങിലും സുരക്ഷ സംബന്ധിച്ച് പരിശോധിക്കാൻ വേണ്ടി നിർദേശം നൽകിയിട്ടുണ്ട്. ഇന്നുതന്നെ അത് പരിശോധിക്കും. സുരക്ഷ വർധിപ്പിക്കാനുള്ള കാര്യങ്ങൾ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും. റെയിൽവേയും ആർപിഎഫും പ്രാദേശിക പോലീസും ഒന്നിച്ച് സുരക്ഷ വർധിപ്പിക്കുന്ന കാര്യങ്ങളിലേക്ക് കടക്കും. റെയിൽവേ ലൈനിൽ നിന്നുള്ള തീപ്പൊരിയാണ് തീപിടിത്തമുണ്ടാക്കിയ തെന്നാണ് ദൃക്സാക്ഷി പറയുന്നത്. ഇത് വ്യക്തമായി പരിശോധിക്കും. സംസ്ഥാനത്തെ തിക്കും തിരക്കുമുള്ള എല്ലാ പേ പാർക്കിങ് പ്രദേശങ്ങളും പോലീസ് പരിശോധിക്കും. റെയിൽവേ സ്റ്റേഷൻ മാത്രമല്ല തിരക്കുള്ള എല്ലാ പേ പാർക്കിങ്ങുകളും പരിശോധിക്കും”- റവാഡ ചന്ദ്രശേഖർ പറഞ്ഞു.



