ചാലക്കുടി ∙ പുഴയിൽ കൂടപ്പുഴ ആറാട്ടുകടവ് തടയണയിലെ ഷട്ടർ സ്ഥാപിക്കാൻ വൈകിയതോടെ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. ഇതു വലിയ വരൾച്ചയ്ക്കു വഴിയൊരുക്കുമെന്ന ആശങ്കയുണ്ട്. സമീപ പ്രദേശങ്ങളിലെ തോടുകളിലും കുളങ്ങളിലും ജലനിരപ്പ് താഴ്ന്നതിനു പുറമേ ചാലക്കുടി നഗരസഭാ പ്രദേശത്തെയും മേലൂർ പഞ്ചായത്ത് പ്രദേശത്തെയും കിണറുകളിലും ജലനിരപ്പ് താഴ്ന്നു. ഈ സ്ഥിതി തുടർന്നാൽ ദിവസങ്ങൾക്കകം പ്രശ്നം അതീവ ഗുരുതരമാകും. ഒട്ടേറെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ പ്രവർത്തനവും ഇതു കാരണം അവതാളത്തിലാകും.
നിലവിൽ പുഴയിൽ ജലത്തിന് ഒഴുക്കില്ലെന്നു അധികൃതർ അറിയിച്ചു. ഏതാനും ദിവസമായി ചെറിയ മഴ ലഭിക്കുന്നുണ്ടെങ്കിലും പുഴയിലെ നീരൊഴുക്കു കുറയുകയാണ്. ഡാമുകളിലെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞതും പുഴയിലെ ജലനിരപ്പു താഴാൻ കാരണമായി. ജലസേചനത്തിനു പുഴയിൽ ജലനിരപ്പ് ഉയർന്നിരിക്കേണ്ടത് അനിവാര്യമാണ്. വരും ദിവസങ്ങളിൽ ജലനിരപ്പ് കൂടുതൽ താഴ്ന്നേക്കുമെന്നാണു സൂചന.
ചാലക്കുടിപ്പുഴയിലെ തുമ്പൂർമുഴി റിവർ ഡൈവേർഷൻ സ്കീമിൽ നിന്ന് ഇടതുകര, വലതുകര കനാലുകൾ വഴി ജലവിതരണം ഇതു വരെ കാര്യമായി ആരംഭിച്ചിട്ടില്ല. വേനൽ ശക്തമാകുന്നതോടെ സ്ഥിതി കൂടുതൽ രൂക്ഷമാകും. പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം ഫെബ്രുവരി ഒന്നിനും സെപ്റ്റംബർ ഒന്നിനും കേരള ഷോളയാർ ഡാം നിറയാവുന്ന വിധത്തിൽ തമിഴ്നാട് വെള്ളം വിൽകണം. എന്നാൽ സെപ്റ്റംബറിൽ തമിഴ്നാട് ജലം നൽകിയിട്ടില്ല.






