മുള്ളൂർക്കര പഞ്ചായത്തിലെ ഓപ്പൺ ജിംനേഷ്യത്തിൽ ‘തട്ടിക്കൂട്ട് ഉദ്ഘാടനം..

വടക്കാഞ്ചേരി ∙ മുള്ളൂർക്കര പഞ്ചായത്തിലെ ഓപ്പൺ ജിംനേഷ്യത്തിൽ ‘തട്ടിക്കൂട്ട് ഉദ്ഘാടനം’. ഞായറാഴ്ച നടന്ന ഉദ്ഘാടനത്തിനു പിന്നാലെ ജിമ്മിലെ ഉപകരണങ്ങൾ എടുത്തു കൊണ്ടു പോയി. സംഭവം വിവാദമായതോടെ ഉപകരണങ്ങൾ ഊരിക്കൊണ്ടു പോയവർ തന്നെ ഇന്നലെ രാവിലെ തിരികെ കൊണ്ടു വന്ന് ഫിറ്റ് ചെയ്തു .തിങ്കളാഴ്ച തിരഞ്ഞെടുപ്പു വിജ്ഞാപനം വരുമെന്നു കണ്ട് പണി തീരാത്ത ജിംനേഷ്യത്തിന്റെ ഉദ്ഘാടനം ധൃതി പിടിച്ച് ഞായറാഴ്ച വൈകിട്ട് ‘തട്ടിക്കൂട്ടുക’യായിരുന്നുവെന്നാണ് ആരോപണം.

സ്ഥാപിച്ച പല ഉപകരണങ്ങളും വാടകയ്ക്ക് എടുത്തു കൊണ്ടു വന്നതാണെന്നാണു നാട്ടുകാർ പറയുന്നത്. പൊതു പ്രവർത്തകരെയോ നാട്ടുകാരെയോ അറിയിക്കാതെ ഏതാനും പേരെ മാത്രം പങ്കെടുപ്പിച്ചായിരുന്നു ഉദ്ഘാടനം. ഉപകരണങ്ങൾ താൽക്കാലികമായി സ്ഥാപിച്ചതാണെന്നും ഉദ്ഘാടനത്തിനു ശേഷം വിദഗ്ധരുടെ സാന്നിധ്യത്തിൽ അവ പിന്നീട് ഫിറ്റ് ചെയ്യാൻ വേണ്ടിയാണ് അഴിച്ചുകൊണ്ടു പോയതെന്നുമാണു പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.