ചെറുതുരുത്തി : ഭാരതപ്പുഴയിൽ ചെറുതുരുത്തി തടയണ പ്രദേശത്തു നിന്നുള്ള മണലെടുപ്പ് പുനരാരംഭിച്ചു. പുഴയിലേക്ക് വലിയ മോട്ടോർ ഇറക്കി അടിത്തട്ടിൽ നിന്ന് വെള്ളത്തോടൊപ്പം മണൽ വലിച്ചെടുത്ത് കരയിൽ എത്തിച്ച് അരിച്ചെടുത്താണ് മണൽ സംഭരിക്കുന്നത്. പരിശോധനകൾക്കു ശേഷം മണൽ വിൽപ്പനയും ആരംഭിക്കും.
1.05 ലക്ഷം ക്യുബിക് മീറ്റർ മണലാണ് തടയണയിൽ നിന്നെടുക്കുന്നത്. ആദ്യഘട്ട മണലെടുപ്പിന് പുറമേയാണ് രണ്ടാംഘട്ടം ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. കണ്ണൂരുള്ള കരാറുകാരാണ് സർക്കാർ നിശ്ചയിച്ച തുകയേക്കാൾ 75 ശതമാനം കൂടുതൽ തുകയ്ക്ക് മണലെടുത്തിരിക്കുന്നത്. മണലെടുപ്പ് പൂർത്തിയാകുന്നതിനു മുൻപ് മഴ തടസ്സമായതോടെ നിർത്തിയ കരാർ നവംബറിൽ പുനരാരംഭിച്ചതാണെന്നും ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു.
മണലെടുപ്പ് നടത്തിയില്ലെങ്കിൽ തടയണയിൽ വെള്ളമുണ്ടാകില്ലെന്നും ചെളിയും മണലും നിറഞ്ഞത് നീക്കംചെയ്യണമെന്നുമാണ് ജലസേചന വകുപ്പിൻ്റെ കണ്ടെത്തൽ. എന്നാൽ മുൻ കാലങ്ങളിൽ ഒരു വശത്ത് മാത്രമായി അശാസ്ത്രീയമായ മണലെടുപ്പാണ് നടന്നതെന്നും ഇത്തവണ ചെറുതുരുത്തി തടയണയിൽ സമാന്തരമായി അടിഞ്ഞുകൂടിയ മണൽ ശാസ്ത്രീയമായി നീക്കംചെയ്യണമെന്നുമുള്ള ആവശ്യം ശക്തമാണ്.








