കാട്ടകാമ്പാൽ ∙ തുലാമഴ കനത്തതോടെ മേഖലയിലെ തോടുകൾ നിറഞ്ഞു തുടങ്ങി. തോട്ടിൽ നിന്ന് വെള്ളം പാടങ്ങളിലേക്ക് ഒഴുകുമെന്ന ആശങ്കയിലാണ് കോൾ കർഷകർ. കൃഷിയിറക്കാനായി വറ്റിച്ച പാടങ്ങളിൽ വീണ്ടും വെള്ളം നിറഞ്ഞതോടെ കൃഷിയിറക്കൽ വൈകുമെന്ന ആശങ്കയിലാണ്. ഇത്തവണ നേരത്തേ കൃഷിയിറക്കാനായി ഒക്ടോബർ ആദ്യവാരം മുതൽ കർഷകർ പമ്പിങ് തുടങ്ങിയിരുന്നു. വെള്ളം വറ്റിയ പാടങ്ങളിൽ ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിയ്ക്കുകയും ചെയ്തു.
വിത്തിടാനുളള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് മഴ ശക്തമായത്. ഇതോടെ പല കർഷകരും വിത്ത് വിതയ്ക്കുന്നത് നീട്ടി വച്ചു. കനത്ത മഴയിൽ നൂറാടിതോടും ഇടതോടുകളും നിറഞ്ഞതോടെ വെള്ളം പാടത്തേക്ക് തിരിച്ചൊഴുകുമെന്ന പേടിയും കർഷകർക്കുണ്ട്. പമ്പ് ചെയ്യുന്ന വെള്ളം ഒഴുകിപ്പോകാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മഴ കുറയുന്നതോടെ കൂടുതൽ മോട്ടറുകൾ സ്ഥാപിച്ച് അതിവേഗം വെള്ളം വറ്റിക്കാനുള്ള ആലോചനയിലാണ് കർഷകർ.







