സംസ്ഥാന സ്‌കൂൾ കായിക മേള മൊബൈൽ ആപ്ലിക്കേഷൻ.

അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ഒരുക്കങ്ങളുടെ ഭാഗമായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. മത്സരങ്ങളിൽ പങ്കെടുക്കാനായി എത്തുന്ന വിദ്യാർത്ഥികൾക്ക് താമസ സൗകര്യങ്ങളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ലഭ്യമാക്കാനാണ് മേളയുടെ അക്കോമഡേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആപ്ലിക്കേഷൻ തയ്യാറാക്കിയത്.

അക്കോമഡേഷൻ കമ്മിറ്റിയുടെ ഒരുക്കങ്ങൾ വിലയിരുത്താനായി ശിക്ഷക്‌സദനിൽ നടന്ന എച്ച് എം മാരുടെയും പ്രിൻസിപ്പൽമാരുടെയും യോഗത്തിലായിരുന്നു പ്രകാശനം. മത്സര ഇനങ്ങളും അതിൽ പങ്കെടുക്കാനായി എത്തിച്ചേരുന്ന വിദ്യാർത്ഥികൾക്കുള്ള താമസസ്ഥലങ്ങളും ലൊക്കേഷൻ മാപ്പും ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരും ഉൾപ്പെടെയുള്ള വിവരങ്ങൾ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിലെ വിവരങ്ങൾ വാട്‌സാപ്പിലൂടെയും ഇമെയിലിലൂടെയും എല്ലാ ജില്ലകളിലും സ്‌പോർട്‌സ് ഗ്രൂപ്പുകളിലും ലഭിക്കും. ഞായറാഴ്ചയോടെ പ്രവർത്തന ക്ഷമമാകുന്ന ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം. അക്കോമഡേഷൻ കമ്മിറ്റിയുടെ ഒരുക്കങ്ങൾ മന്ത്രി വിലയിരുത്തി. വെളിച്ചം, വെള്ളം, ശുചിമുറി അടക്കമുള്ള താമസ സൗകര്യങ്ങൾ ഉത്തരവാദിത്തോടെ സജ്ജമാക്കണമെന്നും സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

അടിയന്തര ആവശ്യങ്ങൾ നേരിടുന്നതിനായി താമസ സൗകര്യങ്ങൾ ഒരുക്കുന്ന ജില്ലയിലെ സ്‌കൂളുകൾക്ക് അയ്യായിരം രൂപ വീതം നൽകും. മേളയുടെ ക്രമീകരണങ്ങൾ ഒരുക്കുന്ന സ്‌കൂളുകൾക്ക് അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പിന്നീട് അറിക്കുമെന്നും മന്ത്രി പറഞ്ഞു.