
കൊച്ചി. വടക്കുഞ്ചേരി മണ്ണുത്തി ആറുവരി ദേശീയപാതയിൽ മേൽപ്പാല നിർമാണം നടക്കുന്ന വാണിയംപാറ, കല്ലിടുക്ക്, മുടിക്കോട് ഭാഗങ്ങളിൽ ഗതാഗതകുരുക്ക് തുടരുന്ന സാഹചര്യത്തിൽ പന്നിയങ്കരയിലെ ടോൾ പിരിവ് താൽക്കാലികമായി നിർത്തി വെയ്പിക്കണമെന്നാവശ്യപ്പെട്ട് തൃശൂരിലെ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയിൽ ഹർജി നൽകി.
ഗതാഗതക്കുരുക്കിന് പരിഹാരം കാണുംവരെ ടോൾ പിരിവ് നിർത്തിവെയ്ക്കണമെന്നാണ് ആവശ്യം. പാതയിൽ മേൽപ്പാലങ്ങളുടെ നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ സർവീസ് റോഡുകളുടെ ടാറിംഗ് താൽക്കാലികം മാത്രമാണ്. വീതി കൂട്ടി നല്ല രീതിയിലുള്ള ടാറിംഗല്ല നടത്തിയിട്ടുള്ളത്. പാത നിർമാണം പൂർത്തിയാകും മുമ്പ് ടോൾ പിരിവിന് അനുമതി നൽകിയ കംപ്ലീഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് 2022 ൽ അഡ്വ. ഷാജി കോടങ്കണ്ടത്ത് നൽകിയിരുന്ന പ്രധാന ഹർജിയിൽ ഉപഹർജി ആയിട്ടാണ് ടോൾ പിരിവ് നിർത്തിവെക്കണം എന്ന് ആവശ്യപ്പെട്ട് ഹർജി കൊടുത്തിട്ടുള്ളത്.
ഗതാഗതക്കുരുക്ക് മൂലം പാലിയേക്കര ടോൾ പ്ലാസ താൽക്കാലികമായി അടപ്പിച്ച ഹൈക്കോടതി ഉത്തരവും സുപ്രീംകോടതിയിലെ അപ്പീലിലുണ്ടായ ഉത്തരവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹർജി ഇന്ന് ഹൈക്കോടതി ഫയൽ സ്വീകരിച്ചു. ഹർജിക്കാരുടെ ഭാഗം വാദം കേട്ട കോടതി പരാതിയുടെ നിജസ്ഥിതിയെ പറ്റി അന്വേഷണം നടത്തി സെപ്തംബർ 24 ബുധനാഴ്ച ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി.