മലയോര ഹൈവേ ജില്ലയിലെ ആദ്യ റീച്ച് നാടിന് സമർപ്പിച്ചു.

മണ്ണുത്തി: കിഫ്ബിയുടെ സഹായത്താൽ 19.30 കോടി രൂപ ചെലവിട്ടാണ് പട്ടിക്കാട് ജംഗ്ഷൻ മുതൽ വിലങ്ങന്നൂർ ജംഗ്ഷൻ വരെയുള്ള 5.414 കിലോമീറ്റർ ആദ്യ റീച്ച് നിർമ്മിച്ചിരിക്കുന്നത്. 2017-18 ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. കേരള റോഡ് ഫണ്ട് ബോർഡ് എറണാകുളം തൃശൂർ യൂണിറ്റ് തയ്യാറാക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ച് 21.37 കോടി രൂപയുടെ സാമ്പത്തികാനുമതിയും 21.05 രൂപയുടെ സാങ്കേതിക അനുമതിയും ലഭിച്ചു.

പുതിയ പാലം, കലുങ്കുകൾ, നടപ്പാത, ഇല്ലുമിനേറ്റിങ്ങ് റോഡ് മാർക്കിങ്, റോഡ് സ്റ്റഡുകൾ, ദിശാ സൂചകങ്ങൾ, സ്ഥലനാമ ഫലകങ്ങൾ, സ്ഥലം ലഭ്യമായ ഇടങ്ങളിൽ കോൺക്രീറ്റ് കാനയും മീതെ സ്ലാബുകളും സ്ഥലം ലഭ്യമാകാത്ത ഭാഗങ്ങളിൽ ഐറിഷ് കാനയുമടക്കം മികച്ച രീതിയിലാണ് ഹൈവേ നിർമ്മിച്ചിരിക്കുന്നത്. പാലങ്ങളുടെ അപ്രോച്ച് റോഡുകൾ കയർ ഭൂവസ്ത്രങ്ങളും കയർ വലകളും ഉപയോഗിച്ച് സുരക്ഷിതമാക്കിയിരിക്കുയാണ്. ആദ്യ റീച്ചിൽ എട്ട് ബസ് ഷെൽട്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്.

മലയോര ഹൈവേയുടെ ജില്ലയിലെ ആദ്യ റീച്ച് നാടിനു സമർപ്പിച്ചു. വിലങ്ങന്നൂർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഹൈവേയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്ഥലം എംഎൽഎയും റവന്യൂ വകുപ്പ് മന്ത്രിയുമായ കെ രാജൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരെ പട്ടിക്കാട് ജംഗ്ഷനിൽ നിന്ന് തുറന്ന ജീപ്പിൽ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. തുടർന്ന് പായ്ക്കണ്ടം ഇംഗ്ഷനിൽ നിന്ന് ആനയും മേളവുമായി നൂറുകണക്കിനാളുകൾ ഘോഷയാത്രയോടെ വിലങ്ങന്നൂരിലെ ഉദ്ഘാടന വേദിയിലേക്ക് മന്ത്രിമാരെ ആനയിച്ചു.

പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, കേരള റോഡ് ഫണ്ട് ബോർഡ് നോർത്ത് സർക്കിൾ ടീം ലീഡർ എസ് ദീപു സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു, മറ്റു ജനപ്രതിനിധികൾ, വിവിധ കക്ഷി നേതാക്കളായ എം എസ് പ്രദീപ്കുമാർ, പി ഡി റെജി, ജോസ് മുതുകാട്ടിൽ, എ വി കുര്യൻ, സി വി ജോസ് കുട്ടി, ഗോപിനാഥ് തറ്റാട്ട്, അസിസ് താണിപ്പാടം, മാഹിൻ കാളത്തോട് തുടങ്ങിയവർ സംസാരിച്ചു. കേരള റോഡ് ഫണ്ട് ബോർഡ് എക്‌സി. എഞ്ചിനീയർ ഷിബു കൃഷ്ണരാജ് നന്ദി പറഞ്ഞു.