ഹൃദയഭിത്തി തകർന്ന രോഗിക്ക് പുതുജന്മം അഭിമാന വിജയവുമായി തൃശൂർ മെഡിക്കൽ കോളേജ്..  

thrissur-medical-collage

ഹൃദയഭിത്തി തകർന്ന് അതീവ സങ്കീർണാവസ്ഥയിലായിരുന്ന 67കാരനെ ജീവിത്തിലേക്ക് തിരികെയെത്തിച്ച് തൃശൂർ മെഡിക്കൽ കോളേജ്. ഹൃദയാഘാതം വന്ന് ഹൃദയത്തിന്റെ ഭിത്തി തകർന്ന് രക്തസമ്മർദം വളരെ കുറഞ്ഞ് കാർഡിയോജനിക് ഷോക്ക് എന്ന അവസ്ഥയിൽ ആയിരുന്നു രോഗി എത്തിയത്. ലോകത്തിലെ അത്യാധുനിക ചികിത്സാ കേന്ദ്രങ്ങളിൽ പോലും ഈ അവസ്ഥയിലെത്തുന്ന രോഗികളിൽ 90 മുതൽ 95 വരെ ശതമാനത്തോളം രക്ഷപ്പെടുത്താൻ സാധിക്കില്ല.

ശസ്ത്രക്രിയ നടത്തി തകർന്ന ഹൃദയ ഭിത്തി അടയ്ക്കാൻ ശ്രമിച്ചാൽ ഹൃദയാഘാതം മൂലം നശിച്ച പേശികൾ തകർന്ന് അവസ്ഥ കൂടുതൽ സങ്കീർണമാകും. അതിനാൽ കാത്ത് ലാബ് വഴി നൂതന ചികിത്സ നൽകിയാണ് രോഗിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.

ഒരാഴ്ചക്ക് ശേഷം രോഗിയെ ആൻജിയോഗ്രാം നടത്തി ഹാർട്ട് അറ്റാക്കിന് കാരണമായ രക്തകുഴലിന്റെ ബ്ലോക്ക് നീക്കി. ഏകദേശം മൂന്ന് ലക്ഷം രൂപ ചെലവ് വരുന്ന ചികിത്സ തികച്ചും സൗജന്യമായാണ് തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയത്.സങ്കീർണ ശസ്ത്രക്രിയയിലൂടെ രോഗിയെ രക്ഷിച്ചെടുത്ത മെഡിക്കൽ കോളേജിലെ എല്ലാ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അശോകൻ, സൂപ്രണ്ട് ഇൻ ചാർജ് ഡോ. രാധിക, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ് എന്നിവരുടെ ഏകോപനത്തിൽ കാർഡിയോളജി വിഭാഗം മേധാവി ഡോ. കരുണദാസ്, കാർഡിയോളജി ഡോക്ടർമാരായ ഡോ. മുകുന്ദൻ, ഡോ. പ്രവീൺ, ഡോ ആന്റണി, ഡോ. സഞ്ജീവ്, ഡോ. അമൽ, ഡോ. അശ്വിൻ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ബാബുരാജ്, അനസ്തേഷ്യ ഡോക്ടർമാരായ ഡോ. അമ്മിണിക്കുട്ടി, ഡോ. നജി നീരക്കാട്ടിൽ, ഡോ. മുഹമ്മദ് ഹനീൻ എന്നിവർ ചേർന്നാണ് ഈ ചികിത്സ നടത്തിയത്.