
തൃശൂർ. പുതുവത്സരാഘോഷം അതിരുകടക്കാതിരിക്കാൻ ജാഗ്രതയോടെ തൃശൂർ സിറ്റി പോലീസ്. പുതുവത്സരാഘോഷത്തിൻെറ മറവിൽ അക്രമം, പിടിച്ചുപറി, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം എന്നിവ തടയാൻ പ്രത്യേക പദ്ധതി തയ്യാറാക്കി. ജില്ലയിലൊട്ടാകെ മുഴുവൻ പോലീസുദ്യോഗസ്ഥരെയും ഡ്യൂട്ടികൾക്കായി വിന്യസിച്ചു. അനധികൃത മദ്യവിൽപ്പന, മയക്കുമരുന്ന് ഉപയോഗം, പൊതുസ്ഥലത്തെ മദ്യപാനം എന്നിവയ്‌കെതിരെ കർശന നിയമനടപടി സ്വീകരിക്കും.
അനുമതി വാങ്ങാതേയും, ശബ്ദപരിധി ലംഘിച്ചുമുള്ള ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ നടപടി സ്വീകരിക്കും. അനുവദനീയമല്ലാത്ത പടക്കങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കുവാൻ പാടില്ല. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ എല്ലാ പോലീസ് സ്‌റ്റേഷൻ പരിധികളിലും പ്രത്യേക പരിശോധനകൾ നടത്തും. ന്യൂ ഇയർ പാർട്ടികളിൽ മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും കണ്ടെത്താൻ ഷാഡോ പോലീസിനെ വിന്യസിക്കും.
ബാറുകളിലും മറ്റ് മദ്യവിൽപ്പനശാലകളിലും സമയപരിധിക്കുശേഷമുള്ള മദ്യവിൽപന അനുവദിക്കില്ല. വ്യാജ മദ്യം, വ്യാജ കള്ള് എന്നിവയുടെ വിൽപ്പന കണ്ടെത്താൻ ബാറുകളിൽ നിന്നും കള്ളുഷാപ്പുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും. നഗരത്തിലും പരിസരപ്രദേശങ്ങളിലും ക്രമസമാധാനം ഉറപ്പുവരുത്താൻ പ്രത്യേക മേഖലകളാക്കി തിരിച്ച് പട്രോളിങ്ങ് സംഘങ്ങളെ നിയോഗിച്ചു. ജില്ലയിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ എല്ലാ വാഹനങ്ങളും നിരീക്ഷിക്കുന്നതിന് ക്യാമറ സംവിധാനം ശക്തമാക്കി.
മയക്കുമരുന്ന് ഉൾപ്പെടെയുള്ള അനധികൃത ലഹരിവിൽപ്പനയും ഉപയോഗവും ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ നാർക്കോട്ടിക് സെൽ നമ്പരായ 9497979794, 9797927797 എന്നീ നമ്പരുകളിലോ അറിയിക്കേണ്ടതാണ്. അടിയന്തിര സഹായത്തിന്: 112.