വൈദ്യുതിക്ക് ഡിസംബറിൽ 19 പൈസ സർച്ചാർജ് ഏർപ്പെടുത്തണമെന്ന വൈദ്യുതി ബോർഡിന്റെ ആവശ്യം അംഗീകരി ക്കാനാകില്ലെന്ന സൂചന നൽകി റെഗുലേറ്ററി കമ്മിഷൻ. ചൊവ്വാഴ്ച ഇത് സംബന്ധിച്ചു നടന്ന തെളിവെടുപ്പിൽ കൂടുതൽ വിശദാംശങ്ങൾ കമ്മിഷൻ ആവശ്യപ്പെട്ടു.
ഈ വർഷം ഏപ്രിൽ- ജൂലായ് മാസങ്ങളിലെ ഇന്ധന വിലയിലെ വ്യത്യാസം കാരണം പുറത്തു നിന്നും വൈദ്യുതി വാങ്ങിയതിൽ അധികം ചെലവായ 37 കോടി രൂപ കൂടി നികത്താനുണ്ടെന്നു പറഞ്ഞാണ് വൈദ്യുതി ബോർഡ് യൂണിറ്റിന് 19 പൈസ സർച്ചാർജ് ആവശ്യപ്പെട്ടത്. തുടർന്നുള്ള മാസങ്ങളിൽ ഇത്തരത്തിലുള്ള അധികച്ചെലവ് കുറഞ്ഞു
വരുന്നതായാണ് കമ്മിഷന്റെ നിരീക്ഷണം. ഇതു സംബന്ധിച്ച കണക്കുകളാണ് കമ്മിഷൻ ആവശ്യപ്പെട്ടത്. വൈദ്യുതി നിരക്ക് വർധനയ്ക്കു പിന്നാലെ 19 പൈസ സർച്ചാർജ് ഈടാക്കുന്നത് ഉപഭോക്താക്കൾക്ക് ബാധ്യതയാകുന്ന തിനാൽ നിലവിലുള്ളതുപോലെ ഒമ്പത് പൈസയോ, അതിൽ കുറവോ അനുവദിക്കാനാണ് സാധ്യത.