അമല നഗർ: കുന്നിൻ മുകളിൽ നിന്നുള്ള തൃശൂർ നഗരത്തിന്റെ അതിമനോഹരമായ കാഴ്ച പകർന്നു നൽകുന്ന വിലങ്ങൻകുന്ന് കൂടുതൽ സുന്ദരിയാകാൻ ഒരുങ്ങുന്നു. അടാട്ട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിലങ്ങൻകുന്നിലെ വിനോദസഞ്ചാര സാദ്ധ്യതകൾ വിപുലീകരിക്കാൻ 3.45 കോടിയുടെ പദ്ധതിയാണ് തയ്യാറായിരിക്കുന്നത്.
വികസന പദ്ധതിക്ക് സ്റ്റേറ്റ് വർക്കിംഗ് ഗ്രൂപ്പ് അംഗീകാരം നൽകിയതായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു. തൃശൂർ നഗരത്തിന്റെ മനോഹരമായ കാഴ്ചയാണ് ഇവിടുത്തെ പ്രധാന ആകർഷണം. വ്യായാമത്തിനും സൈക്കിൾ സവാരിക്കും മറ്റുമായി നിരവധി പേരാണ് ദിനംപ്രതി ഇവിടെയെത്തുന്നത്.
വിലങ്ങൻകുന്നിന്റെ വിനോദസഞ്ചാര സാധ്യതകൾക്ക് കൂടുതൽ ഊർജ്ജം പകരുക എന്ന ലക്ഷ്യത്തോടെയാണ് എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തുന്ന ആദ്യഘട്ട സൗന്ദര്യവൽകരണം. വിനോദ സഞ്ചാര വകുപ്പ് ഒരു കോടി രൂപയുടെ ഭരണാനുമതിക്ക് ഉത്തരവായി. റെസ്‌പോൺസിബിൾ ടൂറിസം പദ്ധതിയിൽ പുഴയ്ക്കൽ കോൾ ലാൻഡ് ടൂറിസം ഉൾപ്പെടുത്തുന്നതിനായി ആവശ്യപ്പെട്ടതോടൊപ്പമാണ് വിലങ്ങൻ കുന്നിലെയും ടൂറിസം പദ്ധതിക്ക് അംഗീകാരം നൽകുന്നത്.