പുതുക്കാട് റെയിൽവേ മേൽപ്പാലം : ഭേദഗതി നിർദ്ദേശിച്ച് രൂപരേഖ തള്ളി റെയിൽവേ..

Thrissur_vartha_district_news_malayalam_road

പുതുക്കാട് : റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണത്തിനായി സംസ്ഥാന റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ തയ്യാറാക്കിയ രൂപരേഖ, ഭേദഗതി നിർദ്ദേശിച്ച് റെയിൽവേ തിരിച്ചയച്ചു. ആവശ്യമായ ഭേദഗതികളോടെ പുതിയ രൂപരേഖ 20 ദിവസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.

പുതുതായി കൊച്ചി – ഷൊർണൂർ മൂന്നാംപാത നിർമ്മാണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് രൂപരേഖയിൽ റെയിൽവേ നിർദേശിച്ച ഭേദഗതികൾ വരുത്തി സമർപ്പിച്ച രൂപരേഖയിലാണ് വീണ്ടും മാറ്റം ആവശ്യപ്പെട്ടത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 10.5 കോടി ചെലവഴിച്ച് അപ്പ്രോച്ച് റോഡ് നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുത്തിട്ട് വർഷം രണ്ട് കഴിഞ്ഞു.

റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ സ്ഥലപരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തുമ്പോൾ വേണ്ട നിർദ്ദേശം നൽകാൻ റെയിൽവേയുമായി ബന്ധപെട്ട ഉദ്യോഗസ്ഥർ ആരുമെത്താറില്ല. റെയിൽവേ നിർദ്ദേശിച്ച ഭേദഗതി വരുത്തി റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ തയ്യാറാക്കിയ രൂപരേഖ റെയിൽവേയുടെ എറണാകുളത്തെ ഡെപ്യൂട്ടി ചീഫ് എൻജിനിയർ അംഗീകരിച്ച ശേഷമാണ് അനുമതിക്കായി
ചെന്നൈയിലേക്ക് അയച്ചത്. ഭേദഗതികളോടെ തയ്യാറാക്കി നൽകുന്ന രൂപരേഖയ്ക്ക് അനുമതി നൽകാമെന്ന് റെയിൽവേ അറിയിച്ചതായി കെ.കെ.രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു.