
മദപ്പാടിലുള്ള കാട്ടുകൊമ്പൻ തുമ്പൂർമുഴി മേഖലയിൽ വിഹരിക്കുമ്പോൾ പ്രകോപനവുമായി യൂട്യൂബർമാരും വിനോദസഞ്ചാരികളും. മദപ്പാടിലുള്ള ആനയുടെ ചിത്രം പകർത്താൻ വനപാലകരെയും വാച്ചർമാരെയും വെല്ലുവിളിച്ചാണ് ഇവരെത്തുന്നത്. തുമ്പൂർമുഴി മുതൽ വെറ്റിലപ്പാറ പെട്രോൾ പമ്പ് വരെയുള്ള പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം രാവിലെയും വൈകിട്ടും ആനമല റോഡ് മുറിച്ചുകടന്ന് വനത്തിലേക്കും എണ്ണപ്പനത്തോട്ടത്തിലേക്കും പോകുന്നുണ്ട്.
ആനകളെ കാണാനും ചിത്രങ്ങൾ എടുക്കാനും നിരവധി യൂട്യൂബർമാരും വിനോദസഞ്ചാരികളും ഈ പ്രദേശങ്ങളിൽ എത്തുന്നുണ്ട്. കാട്ടാന റോഡരികിൽ ഇറങ്ങിയാൽ യാത്രക്കാരെ നിയന്ത്രിക്കുവാനും ആനകളെ യഥേഷ്ടം പുഴയിലേക്കും വനത്തിലേക്കും കടത്തിവിടാനും വനപാലകരും വാച്ചർമാൻമാരും ഇവിടെയുണ്ട്. നിയന്ത്രണങ്ങൾ വകവയ്ക്കാതെ ഇവിടെയെത്തുന്ന യൂട്യൂബർമാരും കുട്ടികളും സ്ത്രീകളും, മുതിർന്ന ആളുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളും കാട്ടാനക്കൂട്ടത്തെ കാണുമ്പോൾ വാഹനങ്ങൾ നിർത്തുന്നതും റോഡിൽ ഇറങ്ങിനിൽക്കുന്നതും പതിവാണ്.
അതിരപ്പിള്ളി മേഖലയിലുള്ള ചില റിസോർട്ട് ഉടമകളും രാത്രി കാലങ്ങളിൽ വിനോദ സഞ്ചാരികളെയും കൊണ്ട് വാഹനങ്ങളിൽ ഈ പ്രദേശങ്ങളിൽ കാട്ടാനയെ കാണിക്കുവാൻ കറങ്ങിനടക്കാറുണ്ടെന്നും വനപാലകർ പറയുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശികളുടെ കാർ കാട്ടാന ആക്രമിച്ചിരുന്നു.