ജില്ലാ ആശുപത്രിയിൽ പഴയ സിടി സ്കാൻ മെഷീൻ ഇടയ്ക്കിടെ പണിമുടക്കുന്നതിനു പരിഹാരമായി ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 കോടി രൂപ ചെലവിൽ പുതിയ മെഷീൻ സ്ഥാപിച്ചു. ഇതോടെ കൂടുതൽ വേഗത്തിൽ സിടി സ്കാൻ സാധ്യമാകും. ആശുപത്രിയിൽ ഒരു മാസം ശരാശരി 1200 സിടി സ്കാൻ വരെ നടത്തുന്നുണ്ട്.
നിലവിലുണ്ടായിരുന്ന മെഷീൻ 10 വർഷത്തിലേറെ പഴക്കമുള്ളതാണ്. ഇത് ഇടയ്ക്കിടെ പണിമുടക്കുന്നതു രോഗികൾക്കും അധികൃതർക്കും ഏറെ ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു. ഈ സമയം സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നു കൂടുതൽ തുക നൽകി വേണം സിടി സ്കാൻ എടുക്കാൻ. ഇതോടെയാണു പുതിയ മെഷീനായി ജില്ലാ പഞ്ചായത്ത് 3.5 കോടി രൂപ അനുവദിച്ചത്.