തൃശ്ശൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി ഉപേക്ഷിക്കണോയെന്ന ചർച്ചയില്‍ പുലിക്കളിക്ക് അനുകൂലനിലപാടുമായി സർക്കാർ. പുലിക്കളിക്ക് തുക അനുവദിക്കുന്നതിന് അനുകൂലമായ നിലപാടാണ് സർക്കാരിന്. കോർപറേഷനാണ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്നും സാമ്ബത്തികസഹായം നല്‍കാൻ തടസ്സമില്ലെന്നുമുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി ഉള്‍പ്പെടെ നടത്തേണ്ടെന്ന് കോർപറേഷൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇതില്‍ വ്യക്തതവരുത്തുന്നതിനായി കോർപറേഷൻ തദ്ദേശസ്വയംഭരണവകുപ്പിന് കത്തയച്ചിരുന്നു. ഇതിലാണ് സർക്കാർ അനുകൂല നിലപാടെടുത്തതെന്നറിയുന്നു.
എന്നാല്‍, ഇതു സംബന്ധിച്ച് കോർപറേഷന് ഇതുവരെ നിർദേശമൊന്നും കിട്ടിയിട്ടില്ലെന്നാണ് അറിയുന്നത്. നിർദേശം ഉടൻ കോർപറേഷന് ലഭിക്കുമെന്നുമാണ് സൂചന.
സംഘങ്ങളോട് കൂടിയാലോചന പോലും നടത്താതെ പുലിക്കളി ഉപേക്ഷിക്കാൻ തീരുമാനിച്ചതിനെതിരേ പുലിക്കളി സംഘങ്ങള്‍ എതിർപ്പുമായി രംഗത്തുവന്നിരുന്നു. ജില്ലയില്‍നിന്നുള്ള മന്ത്രിമാരായ ആർ. ബിന്ദു, കെ. രാജൻ, പി.ബാലചന്ദ്രൻ എം.എല്‍.എ. എന്നിവർ വഴിയും നിരോധനം നീക്കാൻ ശ്രമം നടത്തിയിരുന്നു. അനിശ്ചിതത്വം അവസാനിക്കാൻ വഴിയൊരുക്കുന്നതാണ് സർക്കാരിന്റെ നിലപാട്.