ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആർ.ജി. കർ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കും. സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു.
വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യത്തുട നീളം ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സുരക്ഷിതത്വം ആവശ്യപ്പെട്ട് ഡോക്ടർമാർ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവർത്തകർ ദിവസങ്ങളായി പണിമുടക്കിയാണ് പ്രതിഷേധിക്കുന്നത്. ആർ.ജി. കർ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണവും ഉണ്ടായിരുന്നു.
ഓഗസ്റ്റ് 9ന് പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആർ.ജി. കർ മെഡിക്കല്‍ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊല പ്പെടുത്തിയത്.
കോളേജിലെ സെമിനാർ ഹാളിനുള്ളില്‍ അർധനഗ്നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃത ദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ ക്രൂരമായ ലൈംഗിക പീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ വൻ പ്രതിഷേധമാണുയർന്നത്. ഇതിനു പിന്നാലെ പ്രതിയായ പോലീസിന്റെ സിവിക് വൊളണ്ടിയർ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായി. കേസ് പിന്നീട് കൊല്‍ക്കത്ത ഹൈക്കോടതി സി.ബി.ഐക്ക് വിട്ടു.