തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിലെ തകർന്ന ഭാഗത്തെ കുഴികൾ അടച്ചതിൽ നിന്ന് ഉയരുന്ന പൊടി വാഹന യാത്രക്കാർക്ക് ശല്യമാകുന്നു.

കേച്ചേരി∙ തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിലെ തകർന്ന ഭാഗത്തെ കുഴികൾ അടച്ചതിൽ നിന്ന് ഉയരുന്ന പൊടി വാഹന യാത്രക്കാർക്ക് ശല്യമാകുന്നു. കുഴികളടച്ചതിലെ ക്വാറി വേസ്റ്റിൽ നിന്നാണ് പൊടി ഉയരുന്നത്. വലിയ വാഹനങ്ങൾ പോകുമ്പോൾ പൊടിശല്യം രൂക്ഷമാകുന്നുണ്ട്. ഇതു മൂലം ബൈക്ക് അടക്കമുള്ള വാഹനം ഓടിക്കുന്നവർ അനുഭവിക്കുന്നത് വലിയ ദുരിതമാണ്. റോഡരികിലെ കച്ചവടക്കാർക്കും വളരെ ബുദ്ധിമുട്ട് ആണ്.

പല കച്ചവടക്കാരും മാസ്ക് ധരിച്ചാണ് ജോലി ചെയ്യുന്നത്. തൂവാന്നൂർ, പാറന്നൂർ, ചൂണ്ടൽപാടം എന്നിവിടങ്ങളിലാണ് പൊടിയുടെ ശല്യം കൂടുതലുള്ളത്. തൃശൂർ-കുന്നംകുളം റോഡിൽ പല ഭാഗത്തും കുഴി കളടയ്ക്കൽ പൂർത്തിയായിട്ടില്ല. മഴ പൂർണമായും മാറുകയും റോഡിലെ കുഴികളടയ്ക്കൽ പൂർത്തിയാവുകയും ചെയ്താൽ മാത്രമേ ടാറിങ് നടത്താൻ കഴിയുകയുള്ളൂവെന്ന് കെഎസ്ടിപി അധികൃതർ പറഞ്ഞു.