പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നൽകി ഒരു ഘട്ടത്തില്‍ രണ്ട് ഇഞ്ചില്‍ കൂടാത്ത വിധത്തിൽ ഘട്ടം ഘട്ടമായി ഡാമിന്റെ നാലു സ്പില്‍വേ ഷട്ടറുകളും പരമാവധി 12 ഇഞ്ച് മാത്രം (30 സെന്റീമീറ്റര്‍ മാത്രം) തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കി ഡാമിന്റെ റൂള്‍ കര്‍വ് ലെവല്‍ പാലിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു.
ഇത് പ്രകാരം നിലവിൽ ഡാമിലെ നാല് സ്പില്‍വേ ഷട്ടറുകളും 30 സെന്റീമീറ്റർ വീതം തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കുന്നതിനാൽ വെള്ളക്കെട്ട് മൂലമുള്ള ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിർദേശം നൽകി. ഓരോ ഘട്ടത്തിലും, വെള്ളം തുറന്നു വിടുന്നതുമൂലം മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നിട്ടില്ലായെന്നും, അടുത്ത ഘട്ടമായി വെള്ളം ഒഴുക്കുന്നതു മൂലവും പ്രസ്തുത പുഴകളില്‍ ജലനിരപ്പ് അപകടനിലയിലേക്ക് ഉയരില്ലെന്നും തൃശൂര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉറപ്പാക്കണം.
വെള്ളം പുറത്തേക്കൊഴുക്കുന്ന സമയത്ത് മണലി പുഴയിലെയും കരുവന്നൂര്‍ പുഴയിലെയും ജലനിരപ്പ് കൃത്യമായ ഇടവേളകളില്‍ നിരീക്ഷിച്ച് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവില്‍ ക്രമീകരണം നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാൻ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിർദ്ദേശം നൽകി.